kanathil-jameela
കാനത്തിൽ ജമീല

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നായി നാല് വനിതകളാണ് ജില്ലയിൽ ജനവിധി തേടുന്നത്. പ്രചാരണത്തിൽ ഒട്ടും പിന്നിലല്ലാത്ത സ്ഥാനാർത്ഥികളിൽ ആരെയൊക്കെ ജനം തുണയ്ക്കുമെന്ന ആകാംഷ ഏറുകയാണ്. എൽ.ഡി.എഫിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല സിറ്റിംഗ് സീറ്റായ കൊയിലാണ്ടിയിൽ ജനവിധി തേടുമ്പോൾ യു.ഡി.എഫ് രണ്ട് വനിതകളെയാണ് രംഗത്തിറക്കിയത്. കെ.കെ രമ വടകരയിലും മുസ്ലിംലീഗിലെ അഡ്വ. നൂർബിന റഷീദ് സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിലും ജനവിധി തേടുന്നു. കോഴിക്കോട് സൗത്തിൽ നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാർത്ഥി. പ്രചാരണത്തിൽ ഒരുപോലെ മുന്നേറുന്ന നാലുപേരും അതുകൊണ്ടുതന്നെ തികഞ്ഞ പ്രതീക്ഷയിലാണ്.

 കാനത്തിൽ ജമീല ( കൊയിലാണ്ടി)

തുടർച്ചയായി മൂന്ന് തവണ എൽ.ഡി.എഫ് വിജയിച്ച കൊയിലാണ്ടി ഉറപ്പിച്ച് നി‌ർത്തുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കാനത്തിൽ ജമീലയുടെ ദൗത്യം. 2016ൽ 13,369 വോട്ടുകൾക്ക് കെ. ദാസൻ വിജയിച്ച മണ്ഡലം തന്നെ തുണയ്ക്കുമെന്നാണ് കാനത്തിൽ ജമീലയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ പരാജയപ്പെട്ട എൻ. സുബ്രഹ്മണ്യനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിയ്ക്കായി എൻ.പി. രാധാകൃഷ്ണനാണ് രംഗത്തുള്ളത്. ഒരു കാലത്ത് ഉറച്ച കോട്ടയായ കൊയിലാണ്ടി തിരിച്ചു പിടിക്കാൻ യു.ഡി.എഫ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയാൽ കാനത്തിൽ ജമീലയ്ക്ക് വിജയം അത്ര എളുപ്പമാവില്ല.

 കെ.കെ. രമ ( വടകര)

സമ്മർദ്ദങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ കെ.കെ. രമ മത്സരിക്കാനെത്തിയതോടെ വടകരയിലെ പോരാട്ടം കനത്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ കാലിടറുമ്പോഴും നിയമസഭയിലേക്ക് എൽ.ഡി.എഫിനെ വിജയിപ്പിച്ചു വരുന്നതാണ് വടകരയിലെ ചരിത്രം. ഏറെ രാഷ്ട്രീയ മാറ്റമുണ്ടായ മണ്ഡലത്തിൽ ആർ.എം.പി.ഐ സ്ഥാനാർത്ഥി ആദ്യമായാണ് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് 20, 504 വോട്ടുകൾ നേടിയ കെ.കെ രമയ്ക്ക് യു.ഡി.എഫ് പിന്തുണയുടെ ബലത്തിൽ വിജയിക്കാനാകുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന എൽ.ജെ.ഡിയിലെ മനയത്ത് ചന്ദ്രനാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി. അഡ്വ.എം. രാജേഷ് കുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. 9511 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ സി.കെ നാണു കഴിഞ്ഞ തവണ വിജയിച്ചത്.

 അഡ്വ. നൂർബിന റഷീദ്, നവ്യ ഹരിദാസ് ( കോഴിക്കോട് സൗത്ത്)

രണ്ട് വനിതകളുടെ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കോഴിക്കോട് സൗത്ത്. മുസ്ലിം ലീഗിനായി കാൽ നൂറ്റാണ്ടിന് ശേഷം വനിത മത്സരംഗത്ത് എത്തിയത് ഏറെ ചർച്ചയായിരുന്നു. അഡ്വ. നൂർബിന റഷീദ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുമ്പോൾ എൻ.ഡി.എ രംഗത്തിറക്കിയത് ബി.ജെ.പിയിലെ ശക്തയായ യുവ സാരഥിയായ നവ്യ ഹരിദാസിനെയാണ്. കോർപ്പറേഷൻ കൗൺസിലറെന്ന അധിക യോഗ്യതയും അവർക്കുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗിലെ എം.കെ മുനീർ വിജയിച്ച കോഴിക്കോട് സൗത്ത് നിലനിർത്തുകയെന്ന ദൗത്യവും നൂർബിന റഷീദിനുണ്ട് . തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് നന്നായി വിയർക്കേണ്ടി വരും. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ട് തവണ വിജയിച്ച നവ്യഹരിദാസിന് മികച്ച മുന്നേറ്റം ഉണ്ടാക്കാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. 6327 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണ മുനീറിന്റെ വിജയം.