sulfikar
സുൽഫിക്കർ മയൂരി

കോഴിക്കോട്: സീറ്റ് എൻ.സി.കെ യ്ക്ക് വിട്ടുകൊടുത്തതിനെതിരെ എലത്തൂരിൽ യു.ഡി.എഫിനകത്ത് ആളിക്കത്തിയ അമർഷം തത്കാലത്തേക്കെങ്കിലും കെട്ടടങ്ങി. തർക്കപ്രശ്നം പറഞ്ഞൊതുക്കിയതോടെ മുന്നണി സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി തന്നെയെന്ന് ഉറപ്പായി. വിമത സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച യു.വി. ദിനേശ് മണിയും ഭാരതീയ നാഷണൽ ജനതാദൾ സ്ഥാനാർത്ഥി സെനിൻ റാഷിയും അവസാനമണിക്കൂറിൽ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ഡി.സി.സി - പി.സി.സി നേതൃത്വത്തിന് വലിയൊരു തലവേദന ഒഴിവായി. അതേസമയം, താഴെത്തട്ടിൽ അണികളുടെ രോഷം അടങ്ങിയോ എന്ന സംശയം അവശേഷിക്കുന്നുണ്ട്.

ഇന്നലെ ഡി.സി.സി ഓഫീസിൽ ചേർന്ന കൂടിയാലോചനാ യോഗത്തിനു ശേഷം ഡി.സി.സി പ്രസിഡന്റ് യു. രാജീവനാണ് പാർട്ടി തീരുമാനം വ്യക്തമാക്കിയത്. എൻ.സി.കെ യുടെ സുൽഫിക്കർ മയൂരിയെ സ്ഥാനാർത്ഥിയായി അംഗീകരിച്ച് പ്രവർത്തനം ഊ‌ർജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫിന് ക്ഷീണമുണ്ടാവുന്ന ഒന്നും ചെയ്യരുതെന്ന് നേതൃത്വം നിർദ്ദേശിച്ചത് അനുസരിക്കുന്നുവെന്ന് ദിനേശ് മണി പറഞ്ഞു. പ്രാദേശികതലത്തിൽ അഭിപ്രായവ്യത്യാസം തുടരുന്നുണ്ട്. എലത്തൂരിൽ തിരിച്ചടിയുണ്ടായാൽ അത് നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നും എലത്തൂരിലെ നേതാക്കൾക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന നിജേഷ് അരവിന്ദ് യോഗത്തിനെത്തിയിരുന്നില്ല.

 നേട്ടം ബി.ജെ.പിയ്ക്കോ ?

കോൺഗ്രസിലെ അസംതൃപ്തി മുതലെടുത്ത് മികച്ച മുന്നേറ്രം നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി ക്യാമ്പ്. ഇവിടെ ടി.പി ജയചന്ദ്രനാണ് ബി.ജെ.പി സ്ഥാനാർത്ഥി. യു.ഡി.എഫിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ അത് തങ്ങൾക്ക് അനുകൂലമാകുമെന്ന് പാർട്ടി ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ 29.000ൽപരം വോട്ട് ബി.ജെ.പി യ്ക്ക്.

 പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം

നേതൃത്വത്തിന് : എം.കെ. രാഘവൻ

കോഴിക്കോട്: എലത്തൂരിലെ സ്ഥാനാർത്ഥിനിർണയത്തെ ചൊല്ലിയുണ്ടായ പ്രശ്നത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് എം.കെ. രാഘവൻ എം.പി. വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മണ്ഡലത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം നേതൃത്വം പരിഗണിച്ചില്ല. എന്നാൽ, പാർട്ടി തീരുമാനം അംഗീകരിച്ച് മുന്നോട്ടുനീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻ.സി.കെയ്ക്ക് സീറ്റ് നൽകിയതിനെതിരെ സാധാരണ പ്രവർത്തകരിലുണ്ടായ വികാരമാണ് താൻ നേതൃത്വത്തെ ധരിപ്പിച്ചത്. പ്രവർത്തകർക്കൊപ്പമാണ് നിൽക്കാൻ ആഗ്രഹിക്കുന്നത്. താഴെത്തട്ടിൽ ചർച്ചയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.