canal

വടകര: ലോക ജലദിനത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ കൈവയൽ പനാട തോട് ശുചീകരിച്ച് ജലമൊഴുക്കിന് സുഗമ വഴിയൊരുക്കി. 600 മീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന തോട് കൈവയലിൽ നിന്ന് മാഹി പുഴയിൽ എത്തിച്ചേരുന്നതാണ്. കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്. ഹരിത കേരള മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ശുചീകരണം നടത്തിയത്. ചളി നീക്കംചെയ്തു, പ്ലാസ്റ്റിക്കുകൾ വൃത്തിയാക്കി ശേഖരിച്ചു. ശുചീകരണത്തിന്റെ ഭാഗമായി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുകയും ചുറ്റുവട്ടത്തുള്ള കാടുകൾ വെട്ടിവൃത്തിയാക്കുകയും ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പി. ഷംന, തൊഴിലുറപ്പ് മേറ്റ് പി. റീന, കുടുംബശ്രീ പ്രവർത്തകരായ പി.എ.പി രതി, കെ. അസ്മ, വാർഡ് വികസന സമിതി അംഗങ്ങളായ കടവിൽ അബൂബക്കർ, കെ ശ്രീജേഷ്കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എൺപതിൽപരം സ്ത്രീകൾ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.