list

കോഴിക്കോട്: വോട്ടർപട്ടികയിൽ വ്യാപകമായി ഇരട്ടവോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിഭാഗം അന്വേഷണം ശക്തമാക്കി. ജില്ലയിൽ ഇതുവരെ 33257 വ്യാജ വോട്ടർമാരെയാണ് കണ്ടെത്തിയത്. വോട്ടർപട്ടികയിൽ ഒരാൾക്ക് ഒന്നിലധികം വോട്ടുകളുണ്ടെങ്കിൽ യഥാർത്ഥ വോട്ട് നിലനിർത്തി, മറ്റുള്ളവ റദ്ദാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്തുതല ലിസ്റ്റ് തയ്യാറാക്കും.

ഇരട്ടിപ്പ് ചൂണ്ടിക്കാട്ടാൻ രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും അവസരമുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ നിജസ്ഥിതി അറിയാൻ ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കും. കൂടാതെ ഓരോ ബൂത്തുകളിലും നിരീക്ഷകൻ ഉണ്ടായിരിക്കും. മരിച്ചുപോയവരുടെയും ഡ്യൂപ്ലിക്കേറ്റ് ആയവരുടെയും ലിസ്റ്റ് തയ്യാറാക്കി ബൂത്തുകൾക്ക് കൈമാറും. പ്രശ്ന ബാധിത ബൂത്തുകളിൽ കാമറ നിരീക്ഷണം ഉണ്ടാകും. വോട്ടർമാരുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തിരഞ്ഞെടുപ്പ് കാർഡുകൾ അനുവദിച്ചതായും കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 8 ബൂത്തുകളിൽ ഒരു ഫോട്ടാ ഉപയോഗിച്ച് വ്യത്യസ്ത പേരും മേൽവിലാസവും ഉപയോഗിച്ച് വോട്ട് ചേർത്തതായും കണ്ടെത്തിയിരുന്നു. 8 വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു കൃത്രിമം. നാദാപുരം മണ്ഡലത്തിൽ വ്യാപകമായി ഇരട്ട വോട്ടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റു മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെ തിരിച്ചറിഞ്ഞത്. ഉദ്യോഗസ്ഥൻമാരുടെ ഗുരുതര പിഴവാണ് ഇരട്ടവോട്ടിന് കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. @ജില്ലയിൽ കണ്ടെത്തിയ വ്യാജ വോട്ടർമാർ കുറ്റ്യാടി– 5478 നാദാപുരം– 4830 ബേപ്പൂർ–3858 പേരാമ്പ്ര–3834 ബാലുശ്ശേരി–3708 കുന്ദമംഗലം– 3661 എലത്തൂർ–2942 കോഴിക്കോട് നോർത്ത്– 2655 കോഴിക്കോട് സൗത്ത്– 2291