koduvally

കോഴിക്കോട്: പൊന്നിന്റെ നാടെന്ന വിശേഷണം ചാ‌ർത്തിയ മണ്ഡലമാണ് കൊടുവള്ളി. നാടിന്റെ വളർച്ചയ്ക്ക് സ്വർണം നൽകിയ സംഭാവനയോളം തന്നെയുണ്ട് പൊന്നുണ്ടാക്കിയ വിവാദങ്ങളും. മുസ്ളിം ലീഗിന് കൊടുവള്ളി പൊന്നാപുരം കോട്ടയാണ്. സി.പി.എമ്മിന് രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഉരകല്ലും. കോട്ട തിരിച്ചു പിടിക്കുകയെന്ന അഭിമാന ദൗത്യമാണ് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറിന്. പുറത്തു നിന്നൊരാളെന്ന ആരോപണത്തിന് സി.എച്ചിന്റെ മകനെന്ന പെരുമ കൊണ്ടാണ് യു.ഡി.എഫ് പ്രതിരോധം തീർക്കുന്നത്.

കരുത്ത് കുറഞ്ഞിടത്തെല്ലാം പരീക്ഷിക്കുന്ന 'സ്വതന്ത്ര' തന്ത്രം ഏറ്റവുമധികം എൽ.ഡി.എഫിന് ഗുണം ചെയ്ത മണ്ഡലമാണ് കൊടുവള്ളി. ആദ്യം പി.ടി.എ റഹീമാണെങ്കിൽ, കഴിഞ്ഞ തവണ കാരാട്ട് റസാഖ്. ഇത്തവണ വീണ്ടും കാരാട്ട് റസാഖ് കളത്തിലിറങ്ങുമ്പോൾ ആർക്കനുകൂലമായി വിധിയെഴുതുമെന്ന് കണ്ടറിയണം.

സർക്കാറിനും സി.പി.എമ്മിനുമെതിരെ കൊടുവള്ളി വഴി വന്ന ആരോപണങ്ങൾ ചെറുതല്ല. മിനി കൂപ്പർ വിവാദം, സ്വർണക്കടത്ത്, തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കാരാട്ട് ഫൈസലുമായി ബന്ധപ്പെട്ട വിവാദങ്ങൾ, കേന്ദ്രമന്ത്രി അമിത്ഷാ തൊടുത്തുവിട്ട വിവാദങ്ങൾ തുടങ്ങി ചൂടേറിയ ചർച്ചകൾ കഴിഞ്ഞ അഞ്ച് വർഷവും സജീവമായിരുന്നു. വിവാദങ്ങളെ വോട്ടാക്കാനുള്ള അടവുകളാണ് യു.ഡി.എഫ് പയറ്റുന്നത്. എന്നാൽ, മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലാണ് കാരാട്ട് റസാഖിന്റെയും എൽ.ഡി.എഫിന്റെയും പ്രതീക്ഷ. സമഗ്ര വികസനത്തിനായി നടപ്പാക്കിയ 'എന്റെ മണ്ഡലം നന്മയുടെ മണ്ഡലം', വിദ്യാഭ്യാസ പുരോഗതിക്കായി കൊണ്ടുവന്ന ക്രിസ്റ്റൽ പദ്ധതി എന്നിവയെല്ലാം എടുത്തുപറഞ്ഞാണ് വോട്ടു തേടൽ.

കഴിഞ്ഞ തവണ 573 വോട്ടായിരുന്നു കാരാട്ട് റസാഖിന്റെ ഭൂരിപക്ഷം. 2006ൽ ലീഗ് വിമതനായ പി.ടി.എ റഹീമിലൂടെ കൊടുവള്ളി ആദ്യമായി ഇടത്തേക്ക് ചായുമ്പോൾ, കെ. മുരളീധരനായിരുന്നു എതിരാളി. 2011ൽ യു.ഡി.എഫിനായി വി.എം. ഉമ്മർ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും, 2016ൽ യു.ഡി.എഫ് വിമതനിലൂടെ വീണ്ടും എൽ.ഡി.എഫ് വിജയം നേടി. . ടി. ബാലസോമനാണ് ബി.ജെ.പി സ്ഥാനാർത്ഥി. എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്. ഇടതു-വലത് സ്ഥാനാർത്ഥികൾക്ക് വെല്ലുവിളി ഉയർത്തി നാല് അപരന്മാരും സജീവമാണ്.