കൊടിയത്തൂർ: പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണമുൾപ്പെടെ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കാൻ കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ തുടരേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു.
വിദ്യാഭ്യാസമേഖല വർഗീയവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര വിദ്യാഭ്യാസ നയത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. സമൂഹത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ വിദ്യാഭ്യാസരംഗം പോലും ഉപയോഗിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്.
കൊടിയത്തൂരിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.വസീഫ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ, ജോളി ജോസഫ്, സി.ടി.സി അബ്ദുള്ള, സത്താർ കൊളക്കാടൻ, കെ.പി. ചന്ദ്രൻ എന്നിവരും സംസാരിച്ചു. സി.ടി ഗഫൂർ സ്വാഗതവും ഷംസുദ്ദീൻ കുന്നത്ത് നന്ദിയും പറഞ്ഞു.
ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.എ മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഫറോക്ക് ചെറുവണ്ണൂർ കണ്ണാട്ടിക്കുളം കച്ചേരിപ്പറമ്പ് സ്കൂളിന് സമീപം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുല്ലോട്ട് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.സി മമ്മത് കോയ എം.എൽ.എ , എൽ.ഡി. എഫ് മണ്ഡലം കൺവീനർ എം.ഗിരീഷ് എന്നിവർ പ്രസംഗിച്ചു. എൻ.പി ശിവശങ്കരൻ സ്വാഗതം പറഞ്ഞു .എൽ.ഡി എഫ് നേതാക്കളായ നരിക്കുനി ബാബുരാജ് , കെ.വീരാൻ കുട്ടി തുടങ്ങിയവരും പങ്കെടുത്തു.