welfare

മുക്കം: നിയമസഭ തിരഞ്ഞെടുപ്പിൽ 50 ലധികം സീറ്റിൽ മത്സരിക്കുമെന്ന പ്രഖ്യാപനം വിഴുങ്ങി 19 സീറ്റിൽ ചുരുങ്ങുകയും മുസ്ലിംലീഗിനെതിരായ മത്സരം മൂന്നു സീറ്റിൽ മാത്രമാക്കുകയും ചെയ്ത വെൽഫെയർ പാർട്ടിയുടെ പുതിയ നീക്കം ലീഗുമായുള്ള രഹസ്യബാന്ധവത്തിന് തെളിവെന്ന് വിമർശനം.

2016ലെ തിരഞ്ഞെടുപ്പിൽ 41 സീറ്റിൽ മത്സരിക്കുകയും ഇത്തവണ അമ്പതിലധികം സീറ്റിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വെൽഫെയർ പാർട്ടിയുടെ അപ്രതീക്ഷിത ചുവടുമാറ്റമാണ് വിമർശനത്തിന് വഴി തുറന്നിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയും നിർണായക ശക്തിയാണെന്ന് അവകാശപ്പെടുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു. തിരുവമ്പാടി മണ്ഡലത്തിൽ വരുന്ന മുക്കം നഗരസഭയിൽ വെൽഫെയർ പാർട്ടിക്ക് മൂന്ന് കൺസിലർമാരുണ്ട്. തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിൽ രണ്ടംഗങ്ങളും കാരശ്ശേരി പഞ്ചായത്തിൽ ഒരംഗവുമുണ്ട്. തിരുവമ്പാടി ഉൾപ്പെടെ 27 സീറ്റിൽ മത്സരിക്കുന്ന മുസ്ലീം ലീഗിനെതിരെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മലപ്പുറം, കൊണ്ടോട്ടി, വേങ്ങര സീറ്റുകളിൽ മാത്രം. 2016ലെ തിരഞ്ഞെടുപ്പിൽ 3999 വോട്ടു നേടിയ മങ്കടയിലും ഇത്തവണ സ്ഥാനാർത്ഥിയില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ്- വെൽഫെയർ പാർട്ടി സഖ്യത്തിന് കളമൊരുക്കിയതും യു.ഡി.എഫ് - വെൽഫെയർ സഖ്യമാക്കി വളർത്തിയെടുത്ത് പരസ്യപ്പെടുത്തിയതും മുക്കത്തെ ജമാഅത്ത് - ലീഗ് പ്രവർത്തകരാണ്. ജമാഅത്തുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥികളെ നിർത്തി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ യു.ഡി.എഫിന് ഭീഷണി ഉയർത്തിയത് ഏറെ വിവാദമായിരുന്നു. അച്ചടക്കലംഘനത്തിന്റെ പേരിൽ മുക്കം നഗരസഭയിലെചില കോൺഗ്രസ് നേതാക്കൾക്കെതിരെ നേതൃത്വം നടപടിയെടുത്ത് പുറത്താക്കിയ സംഭവമുണ്ടായി. നേതൃത്വത്തിന്റെ നടപടിയിൽ തിരുത്തൽ ആവശ്യപ്പെട്ട് മുക്കത്തുനിന്ന് എൺപതോളം കോൺഗ്രസുകാർ കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവും നടത്തി. ഇത്തരം പ്രതിഷേധങ്ങളുടെ തീയും പുകയും അടങ്ങുന്നതിന് മുമ്പാണ് അവിശുദ്ധ ബന്ധത്തിന്റെ അണിയറ നീക്കങ്ങൾ മറനീക്കി പുറത്തുവരുന്നത്. വെൽഫെയറിനെ കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐ, പി.ഡി.പി പാർടികളും ഇത്തവണയില്ല.