കുറ്റ്യാടി: കൊവിഡിനെ മറന്ന് വിവാഹവും ഗൃഹപ്രവേശനവും നാട്ടിൻപുറങ്ങളിൽ കെങ്കേമമായതോടെ സ്ഥാനാർത്ഥികളുടെ വോട്ട് തേടലും ആ വഴിക്കായി. ചടങ്ങുകൾക്കിടെ പ്രതീക്ഷിക്കാതെയെത്തുന്ന സ്ഥാനാർത്ഥിയെ കാണുമ്പോൾ ആദ്യം അമ്പരപ്പാണെങ്കിലും വിശിഷ്ടാതിഥിയുടെ പങ്കാളിത്തം വീട്ടുകാരിൽ നിറയ്ക്കുന്നത് എന്തെന്നില്ലാത്ത സന്തോഷം. ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ കഴിഞ്ഞ വർഷം കൊവിഡിന്റെ പിടിയിലമർന്നതോടെ പലരും ചടങ്ങുകൾ മാറ്റി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞതിനാൽ ഇത്തവണ നാട്ടിൻ പുറങ്ങൾ വിവാഹ , ഗൃഹപ്രവേശ ചടങ്ങുകളാൽ സമൃദ്ധമാണ്. നിയന്ത്രണങ്ങളുണ്ടെങ്കിലും പല വിവാഹ വീടുകളിലും ജനപങ്കാളിത്തമേറിയതോടെ സ്ഥാനാർത്ഥികൾക്കും വോട്ട് തേടൽ എളുപ്പമായി. ദിവസേനയുള്ള പര്യടന ചാർട്ടിൽ എത്തുന്ന പ്രദേശത്തെ വിവാഹ- ഗൃഹപ്രവേശന ചടങ്ങളും ഉൾപ്പെടുത്തുകയാണ് ഇവർ.
നീണ്ട ഇടവേളയ്ക്കു ശേഷം ഏറ്റവും കൂടുതൽ വിവാഹ , ഗൃഹപ്രവേശ ചടങ്ങുകൾ നടന്ന ഞായറാഴ്ച വീടുകൾ ലക്ഷ്യമാക്കി സ്ഥാനാർത്ഥികളുടെ ഓട്ടമായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള കുറ്റ്യാടി, വേളം, ആയഞ്ചേരി പഞ്ചായത്തുകളിലെ ആറോളം വിവാഹ, ഗൃഹപ്രവേശന ചടങ്ങുകളിലാണ് പങ്കെടുത്തത്. പൂളക്കൂലിൽ വിവാഹിതരായ മനോജൻ, നിഷ ദമ്പതികളെ അനുഗ്രഹിച്ചുകൊണ്ടായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനം. ദമ്പതികൾ സുരക്ഷ പാലിയേറ്റീവിന് നൽകിയ സാമ്പത്തിക സഹായം ചെയർമാൻ കൂടിയായ സ്ഥാനാർത്ഥി സ്വീകരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി പി.പി മുരളി ആയഞ്ചേരി പഞ്ചായത്തിലെ വിവാഹ വീടുകളിൽ സന്ദർശിച്ചായിരുന്നു അന്നത്തെ പര്യടനം പൂർത്തിയാക്കിയത്.
എൻ.ഡി.എ കുറ്റ്യാടി മണ്ഡലം സ്ഥാനാർത്ഥി പി.പി മുരളി ആയഞ്ചേരിയിലെ വിവാഹ വീട്ടിൽ വോട്ടഭ്യർത്ഥിക്കുന്നു
യു.ഡി.എഫ്. കുറ്റ്യാടി മണ്ഡലം സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള വേളം ചെറുകുന്നിലെ വിവാഹ വീട്ടിൽ
വേളം പൂളക്കൂലിലെ വിവാഹ വീട്ടിൽ നിന്നും വരൻ മനോജൻ സുരക്ഷ പാലിയേറ്റീവിന് നൽകിയ സംഭാവന ചെയർമാൻ കൂടിയായ എൽ.ഡി.എഫ്.സ്ഥാനാർത്ഥി കെ.പി.കുഞ്ഞമ്മദ് കുട്ടി സ്വീകരിക്കുന്നു