
സുൽത്താൻ ബത്തേരി: കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ തൊട്ടടുത്ത തമിഴ്നാട്ടിലേക്ക് കടന്നാൽ ഇരു പാർട്ടികളും ഉറ്റമിത്രങ്ങൾ. പരസ്പരം ചെളിവാരിയെറിയുന്നവർ അതിർത്തിക്കപ്പുറത്ത് ഒന്നിച്ച് വേദി പങ്കിടുകയും പരസ്പരം പുകഴ്ത്തുന്നതും കാണാം.
കേരളത്തിൽ ഇരു മുന്നണികളേയും നയിക്കുന്ന സി.പി.എമ്മും കോൺഗ്രസും തമിഴ്നാട്ടിൽ ഒറ്റ മുന്നണിയായിട്ടാണ് മൽസരിക്കുന്നത്. എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ഘടകകക്ഷികളും അവിടെ ഡി.എം.കെ മുന്നണിയിലാണ്.എ.ഡി.എം.കെ.യും, ഡി.എം.കെയുമാണ് തമിഴ്നാട്ടിലെ പ്രമുഖ രണ്ട് പാർട്ടികൾ. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കീഴിൽ കോൺഗ്രസ്, ലീഗ്, സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികൾ ഘടകകക്ഷികളാണ്. അണ്ണാ ഡി.എം.കെ യുടെ കീഴിൽ ബി.ജെ.പിയും പാട്ടാളിമക്കൾ കക്ഷിയും ചില പ്രദേശിക പാർട്ടികളുമാണുള്ളത്. ബി.ജെ.പിയെ കോൺഗ്രസും, സി.പി.എമ്മും ഘടകകക്ഷികളും ഒന്നിച്ചാണ് നേരിടുന്നത്. വയനാട് ജില്ലയിൽ രണ്ട് നിയോജക മണ്ഡലങ്ങൾ തമിഴ്നാടുമായി ചേർന്ന് കിടക്കുന്നതാണ്. സുൽത്താൻ ബത്തേരിയും, കൽപ്പറ്റയും. ബത്തേരി മണ്ഡലത്തിലെ നൂൽപ്പുഴ -പാട്ടവയൽ, നമ്പ്യാർകുന്ന്, താളൂർ, കൽപ്പറ്റ മണ്ഡലത്തിലെ വടുവൻചാൽ ചോലാടിയുമാണ് തമിഴ്നാടുമായി ചേർന്ന് കിടക്കുന്നത്.
തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കൂടുതലും മലയാളികളാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള പ്രവർത്തകരാണ് അവിടെയും പ്രചരണം നടത്തുന്നതും കൺവെൻഷനുകളിലും പൊതുയോഗങ്ങളിലും പ്രസംഗിക്കുന്നതുമെല്ലാം.