
കോഴിക്കോട്: പൊള്ളുന്ന വെയിൽ വകവെക്കാതെ, ഒരു നിമിഷം പോലും പാഴാക്കാതെ പ്രചാരണത്തിന്റെ ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. വീട് കയറിയുള്ള പ്രചാരണവും ചെറുയോഗങ്ങളും പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയാണ് മുന്നണികളുടെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ സമ്മേളനങ്ങൾ സജീവമാവുകയായി.
ജില്ലയിലെ മണ്ഡലങ്ങളിൽ നല്ലൊരു പങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കെ.കെ. രമ മത്സര രംഗത്തെത്തിയതോടെ വടകരയിൽ അങ്കത്തിന് വീറും വാശിയും കൂടി. സാമൂഹിക മാദ്ധ്യമങ്ങളിലും വടകരയെ ചൊല്ലി കടുത്ത പോരാണ് അരങ്ങേറുന്നത്. മണ്ഡലം നിലനിറുത്തുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എൽ.ജെ.ഡി യുടെ മനയത്ത് ചന്ദ്രന്റെ മുന്നേറ്റം. എന്നാൽ, രമയിലൂടെ മണ്ഡലം പിടിച്ചിരിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. പരമാവധി വോട്ട് പിടിക്കാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ എം.രാജേഷ് കുമാറിന്റെ തേരോട്ടം.
പൊരിഞ്ഞ ത്രികോണ മത്സരത്തിന്റെ ആവേശമത്രയും കോഴിക്കോട് നോർത്തിൽ കാണാം. എൽ.ഡി.എഫിന്റെ തോട്ടത്തിൽ രവീന്ദ്രനും യു.ഡി.എഫിന്റെ കെ.എം. അഭിജിത്തും ബി.ജെ.പിയുടെ എം.ടി. രമേശും ഇഞ്ചിനു വിടാതെ, പഴുതുകളടച്ച് പ്രചാരണ വഴിയിൽ കുതിക്കുകയാണ്.
യുവത്വത്തിന്റെ മിന്നുന്ന ഫോമും താരത്തിളക്കവും ഏറ്റുമുട്ടുന്ന ബാലുശ്ശേരിലെ മത്സരത്തിന് നാൾക്കുനാൾ വീര്യം കൂടുകയാണ്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവിന് വേണ്ടി സംഘടനാ പ്രവർത്തകരുടെ പടയ്ക്കു പുറമെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും മണ്ഡലമാകെ നിറഞ്ഞിട്ടുണ്ട്. നവമാദ്ധ്യമങ്ങളിലും സച്ചിനായുള്ള പോരാട്ടം ശക്തമാണ്. മുൻകാലങ്ങളിലൊന്നും യു.ഡി.എഫിന് ഇവിടെ സൃഷ്ടിക്കാനാവാത്ത ഓളമുണ്ടാക്കാൻ ഇതിനകം തന്നെ ധർമ്മജൻ ബോൾഗാട്ടിയ്ക്ക് കഴിഞ്ഞുവെന്നതു പറയാതെ വയ്യ. ബി.ജെ.പി യുടെ ലിബിൻ ഭാസ്കറിന്റെ പ്രചാരണത്തിനും തിളക്കമൊട്ടും കുറയുന്നില്ല. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവരുടെ വരവ് എൻ.ഡി.എ ക്യാമ്പിന് ആവേശമേറ്റുന്നു. പ്രസംഗവും പാട്ടും മിമിക്രിയും ട്രോളുമെല്ലാമായി ബാലുശ്ശേരിയിൽ അങ്കം അരങ്ങ് തകർക്കുകയാണ്.
പിടിച്ചെടുത്ത കുറ്റ്യാടി സീറ്റ് നിലനിറുത്താനുള്ള ശക്തമായ പ്രചാരണത്തിലാണ് യു.ഡി.എഫിന്റെ പാറക്കൽ അബ്ദുള്ള. കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയായി കിട്ടിയതോടെ വിജയം ഉറപ്പെന്ന മട്ടിലാണ് എൽ.ഡി.എഫ് ക്യാമ്പ്. ബി.ജെ.പിയുടെ പി.പി. മുരളിയും പ്രചാരണത്തിൽ ഒട്ടും പിറകിലല്ല.
നേരത്തെ തന്നെ സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ച നാദാപുരത്ത് തീപാറും പോരാട്ടമാണ്. സിറ്റിംഗ് എം.എൽ.എ ഇ.കെ. വിജയൻ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ നിരത്തി മുന്നേറുമ്പോൾ മണ്ഡലത്തിൽ പത്ത് വർഷമായി സജീവസാന്നിദ്ധ്യമായ അഡ്വ.കെ.പ്രവീൺകുമാർ ഈ അവകാശവാദങ്ങളെ തടയിടുന്ന തന്ത്രങ്ങളുമായാണ് നീങ്ങുന്നത്. ബി.ജെ.പിയുടെ എം.പി.രാജന്റെ സാന്നിദ്ധ്യവും ഇവിടെ പ്രകടമാണ്.
പേരാമ്പ്രയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രചാരണ രംഗത്ത് തുടക്കത്തിൽ തന്നെ ഏറെ മുന്നിലെത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് ഇബ്രാഹിം കുട്ടിയ്ക്കെതിരെ മുന്നണിയ്ക്കകത്തെ എതിർപ്പ് അടങ്ങിയിട്ടില്ല. ബി.ജെ.പി യുടെ കെ.വി.സുധീർ പ്രചാരണത്തിൽ മുന്നേറുന്നുണ്ട്.
കൊയിലാണ്ടി വിട്ടുകൊടുക്കാതിരിക്കാൻ എൽ.ഡി.എഫിന്റെ കാനത്തിൽ ജമീല മണ്ഡലത്തിൽ നിറഞ്ഞു കഴിഞ്ഞു. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിനായി എൻ.സുബ്രഹ്മണ്യൻ ഇത്തവണ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. മത്സ്യത്തൊഴിലാളി നേതാവായ ബി.ജെ.പി യുടെ എൻ.പി. രാധാകൃഷ്ണൻ പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാവും.
എലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.ശശീന്ദ്രൻ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. യു.ഡി.എഫിലെ സുൽഫിക്കർ മയൂരി കഴിഞ്ഞ ദിവസം രംഗത്തെത്തിയതേയുള്ളൂ. പ്രശ്നങ്ങൾ നേതൃതലത്തിൽ പറഞ്ഞുതീർത്തെങ്കിലും പ്രാദേശിക തലത്തിൽ അവ തീർത്തും അവസാനിച്ചിട്ടില്ല. വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ് ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് കൂടിയായ ടി.പി. ജയചന്ദ്രൻ.
കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫും യു.ഡി.എഫുമുള്ള നേരിട്ടുള്ള പോരാട്ടമാണെങ്കിലും ഇരുമുന്നണികൾക്കും ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. സിറ്റിംഗ് സീറ്റിൽ യു.ഡി.എഫിനായി നൂർബിന റഷീദും എൽ.ഡി.എഫിന്റെ അഹമ്മദ് ദേവർകോവിലും ശക്തമായ പ്രചാരണത്തിലാണ്. എന്നാൽ ഇരുവർക്കും കനത്ത വെല്ലുവിളി ഉയർത്തുകയാണ് ബി.ജെ.പിയുടെ യുവമുഖം നവ്യഹരിദാസ്.
സീതാറാം യെച്ചൂരിയും രമേശ് ചെന്നിത്തലയുമെല്ലാം എത്തിയതോടെ ബേപ്പൂരിലെ പോരാട്ടവും കടുത്തു. എൽ.ഡി.എഫ് കോട്ട നിലനിറുത്താൻ പി.എ. മുഹമ്മദ് റിയാസ് കൈയ്മെയ് മറന്ന പ്രചാരണത്തിലാണ്. യുവാക്കളുടെ കരുത്തിലാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രചാരണമെങ്കിൽ ട്രേഡ് യൂണിയനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം.നിയാസിന്റെ കരുത്ത്. ഇരുമുന്നണികളിലും ആശങ്ക വിതച്ചാണ് ബി.ജെ.പി യുടെ കെ.പി. പ്രകാശ് ബാബുവിന്റെ മുന്നേറ്റം.
കുന്ദമംഗലത്ത് മൂന്നാംവട്ടവും വിജയം തേടിയുള്ള പി.ടി.എ റഹീമിന്റെ മണ്ഡല പര്യടനം ആദ്യഘട്ടം പൂർത്തിയാകുകയാണ്. മണ്ഡലം പിടിക്കാനുള്ള തന്ത്രവുമായി ഇറങ്ങിയ യു.ഡി.എഫിന്റെ ദിനേശ് പെരുമണ്ണ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ നീങ്ങുന്നുണ്ട്. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ മത്സരിക്കുന്ന കുന്ദമംഗലത്ത് പ്രചാരണത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ബി.ജെ.പി തയ്യാറല്ല.
തിരുവമ്പാടിയിലും പോരാട്ടം ശക്തമാണ്. സിറ്റിംഗ് സീറ്റ് യുവ സ്ഥാനാർത്ഥിയായ ലിന്റോ ജോസഫിലൂടെ നിലനിറുത്തുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. എന്നാൽ, രാഷ്ട്രീയമായി മേധാവിത്വമുള്ള മണ്ഡലം ഇത്തവണ നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടമാണ് യു.ഡി.എഫിലെ സി.പി. ചെറിയ മുഹമ്മദിന്റേത്.
കൊടുവള്ളി പിടിച്ചെടുക്കാനെത്തിയ എം.കെ. മുനീറിന് ആ ദൗത്യം അത്ര എളുപ്പമാവില്ല. മണ്ഡലത്തിലെ മുക്കും മൂലയും അറിയുന്ന കാരാട്ട് റസാഖ് ഏറെ പ്രതീക്ഷയിലാണ്. ഇതുവരെ കാണാത്ത അതിശക്തമായ മത്സരമാണ് ഇക്കുറി കൊടുവള്ളിയിൽ.