
ചരക്കുകടത്തിൽ വർദ്ധനവ്
കോഴിക്കോട്: കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ റെയിൽവേയ്ക്ക് നടപ്പ് സാമ്പത്തികവർഷം ഇതുവരെ യാത്രാടിക്കറ്റ് വരുമാനത്തിൽ നേരിട്ട ഇടിവ് 70 ശതമാനത്തിലേറെ ! അതേസമയം, ചരക്ക് കടത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വരുമാനമുണ്ടാക്കാൻ കഴിഞ്ഞു.
ലോക്ക് ഡൗൺ വേളയിൽ നിറുത്തലാക്കിയ പാസഞ്ചർ ട്രെയിനുകളിൽ ഇതുവരെ പുന:സ്ഥാപിച്ചത് 18 ശതമാനം മാത്രമാണ്. എന്നാൽ, എക്‌സ്‌പ്രസ് - മെയിൽ വണ്ടികളിൽ 75 ശതമാനവും സർവീസ് പുന:രാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ ഈ മാർച്ച് 22 വരെയുള്ള ടിക്കറ്റ് വരുമാനം 15,507. 68 കോടി രൂപയാണ്. 2019 - 20 വർഷം ഇത് 53525. 57 കോടി രൂപയായിരുന്നു. കുറവ് 71. 03 ശതമാനം.
ചരക്ക് നീക്കത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1,868 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. മാർച്ച് 22 വരെ 1191. 76 ദശലക്ഷം ടൺ ചരക്കാണ് റെയിൽവേ കടത്തിയതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1185. 99 ദശലക്ഷം ടണ്ണായിരുന്നു. വേഗത്തിൽ നിശ്ചിതസമയത്തിനകം ചരക്കുകൾ എത്തിക്കുന്ന ഗുഡ്സ് സർവീസുകൾക്ക് കൂടുതൽ നിരക്ക് ചുമത്തുന്നുണ്ട്.
യാത്രാ വണ്ടികൾ മാസങ്ങളോളം നിശ്ചലമായപ്പോൾ ചരക്ക് കടത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിടുകയായിരുന്നു റെയിൽവേ. സോണൽ - ഡിവിഷൻ തലങ്ങളിൽ ബിസിനസ് ഡവലപ്മെന്റ് യൂണിറ്റുകൾ ആരംഭിച്ചായിരുന്നു ഇത്. പഴം - പച്ചക്കറി തുടങ്ങിയവ കേടാകാതെ സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ആരംഭിച്ച കിസാൻ റെയിലും ചരക്ക് കടത്തിന് ആക്കം കൂട്ടാൻ തുണച്ചിട്ടുണ്ട്.