
ഫറോക്ക്: ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്‌റ്റ് സർക്കാരിനെ അധികാരത്തിലേറ്റിയ കേരളം ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാക്കുന്നതിലൂടെ രാജ്യത്തിന് വീണ്ടും വഴികാട്ടിയാകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മണ്ണൂർ വളവിൽ എൽ. ഡി. എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്ന യെച്ചൂരി.
എൽ.ഡി.എഫ് സർക്കാർ തുടരേണ്ടത് ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യമാണ്. കോർപ്പറേറ്റ് അനുകൂല നവഉദാരവത്കരണ നയങ്ങൾക്കെതിരായ പോരാട്ടത്തിനും മതനിരപേക്ഷത സംരക്ഷിക്കാനും കരുത്തു പകരുന്നതാകും ജനവിധി.
ഹിന്ദുവായോ മുസ്ലിമായോ ക്രിസ്ത്യാനിയായോ അല്ലാതെ മനുഷ്യരായി ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനമാണിതെന്ന് അഞ്ചു വർഷത്തെ ഭരണത്തിലൂടെ തെളിയിച്ചു. ആ മാതൃക സംരക്ഷിക്കണം. സാമ്പത്തിക ഭദ്രത തകർത്തും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ നശിപ്പിച്ചും ഹിന്ദുരാഷ്‌ട്ര നിർമ്മിതി ലക്ഷ്യമിടുകയാണ് ബി.ജെ.പി സർക്കാർ. വെറുപ്പും വിദേഷവുമല്ല മനുഷ്യത്വമാണ് വളർത്തേണ്ടതെന്ന് കാണിച്ചുതന്ന സർക്കാരാണ് കേരളത്തിലേത്. ഈ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി കൈകോർക്കുകയാണ് കോൺഗ്രസ്. നേതാക്കളെ പോലും ബി.ജെ.പിയാക്കുന്ന കോൺഗ്രസിലല്ല, മറിച്ച് ഇടതുപക്ഷത്തിലാണ് നാടിന്റെ പ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു.
യോഗത്തിൽ വി.കെ.സി മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.