കോഴിക്കോട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കറ്റ്. ജില്ലാ കളക്ടർ സാംബശിവറാവു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ അരുണിന് സർട്ടിഫിക്കറ്റ് കൈമാറി.

ഹൈദരാബാദ് ആസ്ഥാനമായ ടി.ക്യു സർവീസസാണ് ഐ.എസ്.ഒ. സർട്ടിഫിക്കറ്റിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനെ ശുപാർശ ചെയ്തത്. സേവനങ്ങൾ നൽകുന്നതിലെ ഗുണമേന്മയാണ് ഈ നേട്ടത്തിന് ഓഫീസിനെ സഹായിച്ചത്. കിലയുടെ നേതൃത്വത്തിലാണ് സേവന ഗുണമേന്മ മെച്ചപ്പെടുത്തൽ പ്രവർത്തനം നടത്തിയത്. റെക്കോർഡ് സംവിധാനം കൃത്യമാക്കിയും ഫ്രണ്ട് ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയുമാണ് ഗുണമേന്മ ഉറപ്പു വരുത്തിയത്. ചെക്ക് ലിസ്റ്റ്, പുതുക്കിയ പൗരാവകാശരേഖ, അന്വേഷണ വിഭാഗം, പരാതി പുസ്തകം, ഡിജിറ്റൽ ഡയറക്ടറി എന്നിവ ഫ്രണ്ട് ഓഫീസിൽ ലഭ്യമാക്കി. അപേക്ഷകൾ ലഭിച്ച ഉടനെ രസീതി നൽകുന്ന സംവിധാനമൊരുക്കി. പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചു. റെക്കോർഡുകൾ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ കോഡുകൾ നൽകി വേഗത്തിൽ എടുക്കാൻ പറ്റുംവിധത്തിലാണ് ക്രമീകരിച്ചിട്ടുളളത്. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പി.ടി പ്രസാദ് ,സീനിയർ സൂപ്രണ്ട് സി. മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.