ele

മുക്കം: സഹകരണ ബാങ്കുകളുടെ വാഹനം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പിടിച്ചെടുക്കുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ അന്യായ നടപടിക്കെതിരെ കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സാധാരണ നിലയിൽ ബാങ്കുകളുടെ വാഹനം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിട്ടുനൽകാറുണ്ട്. ഇത്തവണ സാമ്പത്തിക വർഷാവസാന മാസമായ മാർച്ചിൽ വാഹനങ്ങൾ കൊണ്ടുപോകുന്നതാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. കാരശ്ശേരി ബാങ്കിന് കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ 9 ബ്രാഞ്ചുകളും 23 എ.ടി.എം കൗണ്ടറുകളുമുണ്ട്. എ.ടി.എം കൗണ്ടറുകളിൽ പണം നിറയ്ക്കാനും ബ്രാഞ്ചുകളിലേയ്ക്കും തിരികെ ഹെഡ് ഓഫീസിലേയ്ക്കും പണമെത്തിക്കാനും മറ്റും ഉപയോഗിക്കുന്ന വാഹനമാണ് ജില്ലാ ഭരണകൂടം പിടിച്ചെടുത്തത്. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ പണമായി സ്വകാര്യ വാഹനങ്ങളിലോ ടാക്സികളിലോ കൊണ്ടു പോകുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമായതും ബാങ്കുകളെ വട്ടംകറക്കുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ച് ഒഴിവാക്കി ഏപ്രിൽ ഒന്നു മുതൽ വാഹനം വിട്ടു നൽകാമെന്ന അപേക്ഷ പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുക്കുന്നത്. സഹകരണ ബാങ്കുകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും എൻ.കെ അബ്ദുറഹിമാൻ മുക്കത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.