ഭരണാനുമതി ലഭിച്ചിട്ട് 5 വർഷം കഴിഞ്ഞു
കോഴിക്കോട്: മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾ കാത്തിരിപ്പിലാണ്, വർഷങ്ങൾക്ക് മുമ്പ് പണം അനുവദിച്ചിട്ടും പണി തുടങ്ങാത്ത ഹോസ്റ്റലിനായി. 2016 ലാണ് കോളേജിലെ ബോയ്സ് ഹോസ്റ്റൽ നിർമ്മാണത്തിനായി സർക്കാർ 16 കോടി രൂപ അനുവദിച്ചത്. 2018ൽ 8.40 കോടിയും അനുവദിച്ചു. എന്നാൽ ഭരണാനുമതി ലഭിച്ച് അഞ്ച് വർഷം പിന്നിട്ടിട്ടും ഹോസ്റ്റലിന്റെ പ്ലാൻ തയ്യാറാക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.
നിലവിലെ ഹോസ്റ്റലിൽ അസൗകര്യങ്ങൾ ഏറിയതോടെ ഒന്നാംവർഷ വിദ്യാർത്ഥികൾ 5000 രൂപവരെ മാസ വാടക നൽകി സ്വകാര്യ ഹോസ്റ്റലുകളിലും മറ്റും താമസിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഹോസ്റ്റലിന് തുക അനുവദിച്ച കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർച്ച് ആദ്യവാരത്തിലോ രണ്ടാംവാരത്തിനുള്ളിലോ മുഴുവൻ പ്ലാനുകളും തയ്യാറാക്കി ഒരു മാസത്തിനകം ഹോസ്റ്റൽ നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു ലഭിച്ച മറുപടി. എന്നാൽ പ്രാഥമിക നടപടികൾ ഒന്നും തന്നെ ഉണ്ടാകാത്ത സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഉപരോധിച്ചിരുന്നു.
60 വർഷത്തോളം പഴക്കം വരുന്ന 3 ഹോസ്റ്റലുകളിലായാണ് 600 വിദ്യാർത്ഥികൾ തിങ്ങിക്കഴിയുന്നത്. പുതുതായെത്തിയ 250 ഓളം വിദ്യാർത്ഥികൾ ഇപ്പോഴും പുറത്താണ്. രണ്ടുപേർക്ക് ക്രമീകരിച്ച മുറിയിൽ നാലും അഞ്ചും പേരാണ് കഴിയുന്നത്. നിലവിലെ ഹോസ്റ്റലുകളും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. വല്ലപ്പോഴുമുണ്ടാകുന്ന അറ്റകുറ്റപ്പണികളല്ലാതെ വിദ്യാർത്ഥികളുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാറില്ല. പുതുതായി വരുന്ന ഹോസ്റ്റൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി പണിയുമെന്നാണ് അധികൃതർ പറയുന്നത്.
"'തിങ്ങി നിറഞ്ഞാണ് ഹോസ്റ്റലിൽ കഴിയുന്നത്. പുതുതായെത്തുന്ന വിദ്യാർത്ഥികൾ വലിയ തുക മുടക്കി പുറത്താണ് താമസിക്കുന്നത്. ഇതിന് അടിയന്തര പരിഹാരം വേണം. സർക്കാരിന്റെ മെല്ലേപ്പോക്ക് നയം ഉടൻ അവസാനിപ്പിക്കണം"' -ശ്യാം കുമാർ -ജനറൽ സെക്രട്ടറി മെഡി.കോളേജ് യൂണിയൻ