navya-haridas
കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് വീടുകളിൽ വോട്ടഭ്യർത്ഥിക്കുന്നു

കോഴിക്കോട്: ശാന്തമായൊഴുകുന്ന നദിയിലെ അടിചുഴി പോലെ എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിയാത്ത താണ് കോഴിക്കോട് സൗത്തിന്റെ മനസ്. അടിത്തറ ശക്തമാണെങ്കിലും അടിയൊഴുക്കുകൾ വിധി മാറ്റിയെഴുതിയേക്കാമെന്ന ബോദ്ധ്യം ഇടതു വലത് മുന്നണികൾക്കുണ്ട്.

പഴുതില്ലാത്ത പ്രചാരണമാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും മണ്ഡലത്തിൽ നടത്തുന്നത്. സിറ്റിംഗ് എം.എൽ.എ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ മണ്ഡലം മാറിയതും എൽ.ഡി.എഫ് സീറ്റ് ഐ.എൻ.എല്ലിനുതന്നെ നൽകിയതും മണ്ഡലത്തിൽ വലിയ ചർച്ചയാണ്. കാൽ നൂറ്രാണ്ടിന് ശേഷം വനിത സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് മുസ്ലിം ലീഗ് ചരിത്രം നവീകരിച്ചപ്പോൾ വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാൻ ബി.ജെ.പിയും തീരുമാനിച്ചു. വിജയ സാദ്ധ്യത കാണുന്ന മണ്ഡലത്തിൽ ഐ.എൻ.എല്ലിന് സീറ്റ് നൽകി മുന്നണി മര്യാദ കാട്ടിയാണ് എൽ.ഡി.എഫ് ഗ്രാഫ് ഉയർത്തിയത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച നേട്ടമുണ്ടാക്കിയ മണ്ഡലമാണ് സൗത്ത്. എന്നാൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ലീഗ് കോട്ടകളിൽ വരെ ഇടത് തേരോട്ടമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്.

 നന്മ തുടരാൻ നൂർബിന റഷീദ്

നന്മ തുടരാൻ നല്ല കോഴിക്കോട്ടുകാരി എന്ന ടാഗ് ലൈനുമായാണ് അഡ്വ. നൂർബിന റഷീദ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. സ്ത്രീകളെയും കുട്ടികളെയും ചേർത്ത് പിടിച്ച് എല്ലാവരോടും യു.ഡി.എഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് വോട്ടഭ്യർത്ഥന. ഒപ്പമുള്ളവർ സമയത്തെ കുറിച്ച് സൂചന നൽകുമ്പോഴും നല്ല കേൾവിക്കാരിയായി അവർ നാട്ടുകാരിൽ അലിയുകയാണ്.

" എല്ലാവരും സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ട്. നാട്ടുകാരിയായ തനിക്ക് ഇവിടുത്തെ ആവശ്യങ്ങളറിയാം. രണ്ടുവട്ടം കൗൺസിലറായതിന്റെ അനുഭവ സമ്പത്തുമുണ്ട്. സ്ത്രീകളിൽ നിന്ന് മാത്രമല്ല മുഴുവൻ പേരുടേയും പിന്തുണ കിട്ടുന്നുണ്ട്. ഡോ.എം.കെ. മുനീർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനം ഏറെ ഗുണം ചെയ്യും. രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം മണ്ഡലത്തിൽ കാര്യമായ നേട്ടം എത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയ്ക്കും ഭരണമാറ്റത്തിനുമാണ് മത്സരം.".. അഡ്വ. നൂർബിന റഷീദ് ( യു.ഡി.എഫ്)

 മാറ്റം ഉറപ്പിക്കാൻ അഹമ്മദ് ദേവർകോവിൽ

ഒരു മാറ്റമുണ്ടായാൽ ഉറപ്പായും മണ്ഡലത്തിന്റെ അവസ്ഥയിൽ മാറ്റമുണ്ടാകും എന്ന വാഗ്ദാനമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവകോവിൽ ജനങ്ങൾക്ക് നൽകുന്നത്. പരിചയക്കുറവെന്ന എതിരാളികളുടെ ആയുധത്തെ മണ്ഡലത്തിൽ മൂന്ന് റൗണ്ട് പര്യടനം നടത്തി അദ്ദേഹം മറികടന്നു. സൗമ്യമായ ഇടപെടലിലൂടെ വോട്ടർമാരെ അദ്ദേഹം ചേർത്തുനിർത്തി. കത്തുന്ന ചൂടിലും തന്നെ കാത്ത് നിൽക്കുന്നവരോട് ക്ഷമ ചോദിച്ചാണ് ദേവർകോവിലിന്റെ വോട്ടഭ്യർത്ഥന.

" മറ്റ് നിയോജക മണ്ഡലങ്ങളെ താരതമ്യം ചെയ്താൽ വികസനത്തിൽ കോഴിക്കോട് സൗത്ത് ഏറെ പിന്നിലാണ്. പത്തുവർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ വികസന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധകാണിച്ചില്ല. സമഗ്ര വികസനത്തിനും തുടർ ഭരണത്തിനുമാണ് വോട്ട് ചോദിക്കുന്നത്. മാവൂർ റോഡ് ജവഹർ നഗർ കോളനിയിലെ താമസക്കാരനാണ് ഞാൻ. എപ്പോഴും എന്താവശ്യത്തിനും നാടിന് ഒപ്പുണ്ടാകും ". അഹമ്മദ് ദേവർകോവിൽ ( എൽ.ഡി.എഫ്)

 മാറ്റത്തിനായി നവ്യ ഹരിദാസ്

മാറ്റത്തിന് വേണ്ടിയാണ് എൻ.ഡി.എയുടെയും വോട്ട് തേടൽ. ഇടതു വലത് മുന്നണികൾക്കൊപ്പം ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥി നവ്യ ഹരിദാസ് നടത്തുന്നത്. തുടർച്ചയായി രണ്ട് തവണ വിജയിച്ച കോർപ്പറേഷൻ കൗൺസിലറും യുവ സ്ഥാനാർത്ഥിയുമായ നവ്യ ഹരിദാസിന് ആവേശകരമായ സ്വീകരണമാണ് മണ്ഡലത്തിൽ ലഭിക്കുന്നത്. എൻ.ഡി.എ പ്രവർത്തകരും വലിയ ആവേശത്തിലാണ്.

" കേന്ദ്ര സർക്കാറിന്റെ വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ എൻ.ഡി.എ ജയിക്കണം. ബി.ജെ.പിയ്ക്ക് വലിയ സ്വാധീനമില്ലാതിരുന്ന ഡിവിഷനിൽ രണ്ട് തവണ വിജയിക്കാൻ കഴിഞ്ഞത് പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. കോഴിക്കോടിനെ സ്മാർട്ട് സിറ്റിയാക്കി ഉയർത്തുകയും ലൈറ്റ് മെട്രോ കൊണ്ടുവരികയുമാണ് ലക്ഷ്യങ്ങൾ. കുടിവെള്ളം പോലും എത്താത്ത നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. അതിന് പരിഹാരം വേണം "... നവ്യ ഹരിദാസ് ( എൻ.ഡി.എ)

2016 നിയമസഭ

എം.കെ. മുനീർ ( മുസ്ലിം ലീഗ് ) 49863

എ.പി. അബ്ദുൾ വഹാബ് ( ഐ.എൻ.എൽ) 43536

സതീഷ് കുറ്റിയിൽ ( ബി.ഡി.ജെ.എസ് ) 19146

ഭൂരിപക്ഷം 6327

2019 ലോക്‌സഭ

എം.കെ. രാഘവൻ ( കോൺഗ്രസ് ) 54608

എ.പ്രദീപ്കുമാർ ( സി.പി.എം ) 40877

അഡ്വ. പ്രകാശ് ബാബു ( ബി.ജെ.പി ) 20173

ഭൂരിപക്ഷം 13731

2020 തദ്ദേശ തിരഞ്ഞെടുപ്പ്

കോർപ്പറേഷൻ ഡിവിഷൻ 24

എൽ.ഡി.എഫ് 13

യു.ഡി.എഫ് 9

ബി.ജെ.പി 2