
കുറ്റ്യാടി: പാറക്കൽ ഹാരിസിന്റെ വേർപാട് നാട്ടുകാർക്കും പ്രവാസികൾക്കും സുഹൃത്തുക്കൾക്കും നൊമ്പരമായി മാറി. നിശബ്ദമായ ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് നിരവധിപേരുടെ ഹൃദയത്തിൽ നിറഞ്ഞിരുന്ന പാറക്കൽ ഹാരിസ് ഇനി ഓർമ്മ മാത്രം. 20 വർഷത്തോളം പ്രവാസിയായിരുന്ന ഹാരിസ് കെ.എം.സി.സിയുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനങ്ങളിൽ മുന്നിൽത്തന്നെയുണ്ടായിരുന്നു. നാട്ടിലും പൊതുപ്രവർത്തനങ്ങളിൽ സജീവമായി. പെട്ടെന്നുള്ള ഇദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്കും പ്രവാസികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കും വലിയ ആഘാതമായി.
അർബുദബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ചയാണ് മരിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള വീട് നിർമ്മാണം, ഏറാമല മദ്രസ, പള്ളി പുനർനിർമ്മാണമടക്കമുള്ള സ്ഥാപനങ്ങളുടെ പൂർത്തീകരണം എന്നിവയിലെല്ലാം ഹാരിസിന്റെ പരിശ്രമമുണ്ടായിരുന്നു.
മരണവിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. കൺവീനർ എം.എം ഹസൻ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കെ. മുരളീധരൻ എം.പി, എം.കെ രാഘവൻ എം.പി, ആർ.എം.പി.ഐ നേതാക്കളായ എൻ. വേണു, കെ.കെ. രമ, കെ.പി.സി.സി സെക്രട്ടറി ഐ. മൂസ,കേരള കോൺഗ്രസ് സംസ്ഥാന സമിതി മെമ്പർ യൂസഫ് പള്ളിയത്ത്, യു.ഡി.എഫ് കുറ്റ്യാടി മണ്ഡലം ചെയർമാൻ അഡ്വ.പ്രമോദ് കക്കട്ടിൽ,യു.ഡി.എഫ് നേതാക്കളായ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, അമ്മരപ്പള്ളി കുഞ്ഞിശങ്കരൻ,കെ. സി മുജീബ് റഹ്മാൻ,മഠത്തിൽ ശ്രീധരൻ, അൽസഹ്‌റ കോഓഡിനേറ്റർ ശബാന ബഷീർ, ഒ. കെ റിയാസ് മാസ്റ്റർ തുടങ്ങിയവർ അനുശോചനം അറിയിച്ചു.