photo

ബാലുശ്ശേരി: അഞ്ച് വർഷത്തിനിടയിൽ ഒരുപാട് ഉദ്യോഗാർത്ഥികളുടെ കണ്ണീർ വീണ മണ്ണാണ് കേരളം. ഇവിടെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. തിന്മ തുടർച്ചയായി ഒരു വട്ടം കൂടി ഭരിച്ചാൽ കേരളം മുടിഞ്ഞു പോകും. യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു. ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറത്ത് യു.ഡി.എഫ് കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട കർഷകർ ഏറെയുള്ള മണ്ഡലമാണിത്. ഇവിടെയുള്ള കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് വിപണം നടത്താനുള്ള സൗകര്യം ഇവിടെയില്ല. അവ ഉണ്ടാക്കണം. ഈ മണ്ഡലം 45 വർഷം പിറകിലാണ്. ഇതിന് ഒരു മാറ്റം വേണ്ടേ. അതിന് യു.ഡി.എഫ് വരണം. എന്നെ നിങ്ങൾ ഇവിടെ നിന്നും വിജയിപ്പിച്ചാൽ തീർച്ചയായും മണ്ഡലത്തിൽ വലിയ വികസനം കൊണ്ടുവരാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. ധർമ്മജൻ പറഞ്ഞു.

ഇ.ടി ബിനോയ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.ബാലകൃഷ്ണൻ കിടാവ്, അഹമ്മത് കുട്ടി ഉണ്ണികുളം, കെ.എം ഉമ്മർ, എ.കെ അബ്ദുൾ സമദ്, നാസർ എസ്റ്റേറ്റ് മുക്ക്, നാസർ മാസ്റ്റർ, കെ.അമ്മതു കോയ, കെ.ടി മൺസൂർ തുടങ്ങിയവർ സംസാരിച്ചു. നസീറ ഹബീബ് സ്വാഗതവും നാസർ മരുതോട്ടി നന്ദിയും പറഞ്ഞു.