കടലുണ്ടി: എടച്ചിറ താഴേമുള്ളമ്പലം ശാരദയ്ക്ക് പ്രായമേറെയായെങ്കിലും അടച്ചുറപ്പുളള വീടെന്ന സ്വപ്നം ഇനിയും യാഥാർത്ഥ്യമായില്ല. ഇത്തിരിപ്പോന്ന സ്ഥലത്ത് വലിച്ചുകെട്ടിയ കൂരയിൽ കഴിയുന്ന ശാരദയ്ക്ക് വീടൊരുക്കുമെന്ന വാഗ്ദാനവുമായി ബേപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എം നിയാസെത്തിയത് പ്രതീക്ഷയുടെ പുതുവെളിച്ചം പകർന്നു. വോട്ട് ചോദിച്ചെത്തിയ നിയാസിന് മുന്നിൽ ശാരദയുടെ സങ്കട മഴ പെയ്തപ്പോൾ കൈപിടിച്ച് ഉറപ്പു നൽകി. തിരഞ്ഞെടുപ്പും വിജയവും ഒന്നും മുന്നിൽ കാണാതെ ഉടൻ നടപടി സ്വീകരിക്കുമെന്ന് നിയാസിന്റെ വാക്ക്. നിങ്ങളോട് കാണിച്ച അനീതിക്കെതിരായി ഞാൻ ഉണ്ടാവും. തിരഞ്ഞെടുപ്പിൽ വിജയിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സുരക്ഷയ്ക്ക് വഴി ഞാനൊരുക്കും എന്നും പറഞ്ഞ് വീടിനാവശ്യമായ കാര്യങ്ങൾ ഉടൻ ആരംഭിക്കാൻ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചാണ് നിയാസ് മടങ്ങിയത്. അഞ്ച് വർഷം മുമ്പാണ് ശാരദയും കുടുംബവും താഴെമുള്ളമ്പത്ത് എത്തുന്നത്. ലൈഫ് പദ്ധതിയിൽ വീടുകിട്ടുമെന്നറിഞ്ഞ് അന്നേ അപേക്ഷ കൊടുത്തതാണ്. വർഷം അഞ്ച് കഴിഞ്ഞിട്ടും ശാരദയുടെ ലൈഫ് ആരും കണ്ടില്ല. മകളും ഭർത്താവും പത്ത് വയസിൽ താഴെ പ്രായമുളള മൂന്ന് മക്കളുമാണ് കൂരയിൽ കഴിയുന്നത്. മകളുടെ ഭർത്താവ് ബൈജു കൽപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ കൂലിയാണ് ഇന്നും ഇവരുടെ ജീവിത വെളിച്ചം. പേടിയില്ലാതെ ഒരു രാത്രിപോലും കൂരയ്ക്കുള്ളിൽ ഉറങ്ങിയിട്ടില്ലെന്ന് ശാരദ പറയുന്നു. മഴക്കാലമായാൽ വെള്ളം കയറും. പ്രളയകാലത്ത് 'വീടി' ന്റെ പകുതി വരെ വെള്ളം കയറിയെന്ന് ശാരദ പറയുന്നു.
കടലുണ്ടിയിലെ മുക്കത്തക്കടവ്, കോട്ടക്കുന്ന്, ആലുങ്ങൽ, വടക്കുമ്പാട്, കരകളിപറമ്പ്, ഇടച്ചിറ എന്നിവിടങ്ങളിലെ വീടുകളിലും നിയാസ് വോട്ടഭ്യർത്ഥിച്ചെത്തി. യു.ഡി.എഫ് നേതാക്കളായ ഷംസുദ്ദീൻ പി.വി, വേലായുധൻ മാമ്പെയിൽ, കാസിം, ഹെബീഷ് മാമ്പെയിൽ, രാധാകൃഷ്ണൻ പിലാക്കാട്ട്, ചന്ദ്രദാസൻ പിലാക്കാട്ട്, പ്രഭാകരൻ തച്ചരുടി, അരവിന്ദകുമാർ. കെ, അഡ്വ. ഷബീൽ ചാലിയത്ത്, ബിജിത്ത് പിലാക്കാട്ട്, ഷൈമ. പി, ഹമീദ്, മധു ഫറോക്ക് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.