img20210325
ഡോ.ശശി തരൂർ എം.പി മുക്കത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ

മുക്കം: യു.ഡി.എഫ് അധികാരത്തിലേറിയാൽ കേരളത്തിൽ നിയമത്തിലൂടെ ഹർത്താൽ നിരോധിക്കുമെന്ന് കോൺഗ്രസ് നേതാവ് ഡോ.ശശി തരൂർ എം.പി പറഞ്ഞു.

തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സി.പി ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച 'വാക് ഫോർ സി.പി" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ കേരളം കടത്തിൽ മുങ്ങിയിരിക്കുകയാണ്. ശമ്പളം നൽകുന്നതും കിറ്റ് വിതരണം ചെയ്യുന്നതുമെല്ലാം കടം വാങ്ങിയാണ്.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ സിംഗിൾ വിൻഡോ സിസ്റ്റം നടപ്പാക്കിയിരുന്നു. നിക്ഷേപകരോട് ഇടതു സർക്കാർ അനുവർത്തിക്കുന്ന നിസ്സംഗത കാരണം കേരളത്തിലെ യുവാക്കൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടി പോകേണ്ട അവസ്ഥയാണ്. കേരളത്തിൽ പഠിക്കുന്ന യുവാക്കൾക്ക് ഇവിടെ ജോലി സാദ്ധ്യതയില്ലാതായി. എൻജിനീയറിംഗ് യോഗ്യതയുള്ളവരിൽ 66 ശതമാനം പേരും അതുമായി ബന്ധമില്ലാത്ത ജോലികളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി സി.പി ചെറിയ മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ജെ ആന്റണി, ബാബു പൈക്കാട്ടിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം തുടങ്ങിയവരും സംബന്ധിച്ചു.