electionj-commission

കോഴിക്കോട്: സാമൂതിരിനാട്ടിലെ തിരഞ്ഞെടുപ്പ് പോരിന് വീറും വാശിയും കൂടുമെങ്കിലും സാക്ഷാൽ കുഞ്ഞാലി മരയ്ക്കാറെ പോലും തോൽപ്പിക്കുന്ന യുദ്ധതന്ത്രങ്ങളാണ് ഇത്തവണ മുന്നണികൾ പരീക്ഷിക്കുന്നത്. കോൺഗ്രസിനായി സിനിമാതാരം ധർമ്മജൻ ബാലുശേരിയിൽ,​വടകരയിൽ യു.ഡി.എഫ് -ആർ.എം.പി സഖ്യം, കുന്നമംഗലത്തെ ​ലീഗ് സീറ്റിൽ കോൺഗ്രസുകാരൻ ദിനേശ് പെരുമണ്ണ

സ്വതന്ത്രനായി മത്സരിക്കുന്നു. അങ്ങനെ എത്രയെത്ര തന്ത്രങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്തേക്കാണ് പൊതുവേ ചായ്‌വെങ്കിലും ഇടതിനും വലതിനും സോഷ്യലിസ്റ്റുകൾക്കും സ്വാധീനമുള്ള ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 ൽ 11സീറ്റും നേടിയത് ഇടതുമുന്നണി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ലീഡ്.തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇടതിനാണ് മേൽക്കൈ.കാൽ നൂറ്റാണ്ടിന് ശേഷം ലീഗിലെ വനിതാ സ്ഥാനാർത്ഥി മത്സരിക്കുന്ന കോഴിക്കോട് സൗത്തിൽ ഇത്തവണ കടുത്ത മത്സരമാണ്. ലീഗിന്റെ സിറ്റിംഗ് സീറ്റ് നിലനിറുത്തുമെന്ന് നൂർബിന റഷീദ് പറയുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിൽ വെല്ലുവിളിയുയർത്തുന്നു. ഒപ്പത്തിനൊപ്പമെന്നോണം എൻ.ഡി.എയിലെ നവ്യ ഹരിദാസുമുണ്ട്.

വടകരയിൽ ആർ.എം.പിയുടെ കെ.കെ. രമ വിജയ പ്രതീക്ഷയിലാണ്.എന്നാൽ സോഷ്യലിസ്റ്റല്ലാത്ത ഒരാൾ വടകരയിൽ ജയിച്ചിട്ടില്ലെന്ന വാദമാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റേത്. എൻ.ഡി.എയിലെ എം.രാജേഷ്‌കുമാറും ഇവിടെ രംഗത്തുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മൂന്ന് മുന്നണികൾക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ട് നേടിയിരുന്നു.ധർമ്മജൻ ബോൾഗാട്ടിയുടെ വരവോടെ ശ്രദ്ധാകേന്ദ്രമായ ബാലുശേരിയിൽ എസ്.എഫ്.എ സംസ്ഥാന സെക്രട്ടറി സച്ചിൻദേവാണ് ഇടത് സ്ഥാനാർത്ഥി. ധർമ്മജന്റെ രംഗപ്രവേശം മണ്ഡലത്തിൽ ചലനമുണ്ടാക്കിയിട്ടുണ്ടെങ്കിലും വോട്ടാകുമോയെന്ന് പറയാനാവില്ല. ലിബിൻ ബാലുശേരിയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.

ശക്തമായ ത്രികോണമത്സരം നടക്കുന്ന കോഴിക്കോട് നോർത്തിൽ എൽ.ഡി.എഫിലെ തോട്ടത്തിൽ രവീന്ദ്രനും യു.ഡി.എഫിലെ യുവതയുടെ പ്രതീകമായ കെ.എം.അഭിജിത്തും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശുമാണ് കൊമ്പുകോർക്കുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം നിയാസ് പതിനെട്ടടവും പയറ്റുന്നുണ്ട്. എൻ.ഡി.എയിലെ പ്രകാശ് ബാബുവും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല.

എലത്തൂരും പേരാമ്പ്രയും

രണ്ട് മന്ത്രിമാരാണ് ജില്ലയിൽ വീണ്ടും ജനവിധി തേടുന്നത്. പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണനും എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനും.ചില ആഭ്യന്തര പ്രശ്നങ്ങൾ കാരണം രണ്ടിടത്തും യു.ഡി.എഫ് ഓട്ടം തുടങ്ങാൻ വൈകി.എലത്തൂർ സീറ്റ് മാണി സി.കാപ്പന്റെ എൻ.സി.കെയ്ക്ക് നൽകിയതാണ് കോൺഗ്രസ് പ്രതിഷേധത്തിന് കാരണം. നിരന്തര ചർച്ചകൾക്ക് ശേഷമാണ് എൻ.സി.കെ വൈസ് പ്രസിഡന്റ് സുൾഫിക്കർ മയൂരിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായത്. ഇതിനിടെ ബി.ജെ.പി സ്ഥാനാർത്ഥി ടി.പി. ജയചന്ദ്രനും പ്രചാരണത്തിൽ ഏറെ മുന്നേറി. പേരാമ്പ്ര യു.ഡി.എഫ് സ്ഥിരമായി അനുവദിച്ചിരുന്നത് കേരള കോൺഗ്രസ് എം വിഭാഗത്തിനാണ്. അവർ ഇടതിലേക്ക് പോയതോടെ ചില കോൺഗ്രസ് നേതാക്കൾ ഈ സീറ്റിനായി പിടിമുറുക്കിയെങ്കിലും കിട്ടിയത് ലീഗിന്. ലീഗ് ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകിയതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു. ഒടുവിൽ യു.ഡി.എഫ് സ്വതന്ത്രനായി സി.എച്ച് ഇബ്രാഹിം കുട്ടിയെ ലീഗ് സ്ഥാനാർത്ഥിയാക്കി. ഇടതുമുന്നണിയുടെ ടി.പി.രാമകൃഷ്ണൻ പ്രചാരണത്തിൽ ഇവിടെ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. കെ.വി. സുധീറാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

കുറ്റ്യാടിയും കൊടുവള്ളിയും

സി.പി.എം അണികളുടെ പടുകൂറ്റൻ പ്രകടനത്തോടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കുറ്റ്യാടിയിൽ അവരുടെ ആവശ്യം അംഗീകരിച്ച് കെ.പി. കുഞ്ഞമ്മദിനെ തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതോടെ മണ്ഡലം പിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് പാർട്ടി കേന്ദ്രങ്ങൾ. എന്നാൽ, സിറ്റിംഗ് എം.എൽ.എ ലീഗിലെ പാറയ്ക്കൽ അബ്ദുള്ള വീണ്ടും ജനവിധി തേടുന്നത് ജയം ഉറപ്പിച്ചാണ്. ഇവിടെ പി.പി. മുരളിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കൊടുവള്ളി എങ്ങനെയും പിടിക്കാനാണ് മുൻ മന്ത്രി ഡോ.എം.കെ. മുനീറിന്റെ തേരോട്ടം. ലീഗ് മേധാവിത്വമുള്ള മണ്ഡലത്തിൽ ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച കാരാട്ട് റസാഖാണ് കഴിഞ്ഞതവണ ജയിച്ചത്. ഇദ്ദേഹം വീണ്ടും ജനിവിധി തേടുമ്പോൾ ടി.ബാലസോമനാണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി.

കുന്ദമംഗലത്ത് മൂന്നാംവട്ടം ജനവിധി തേടുന്ന പി.ടി.എ റഹിമിനെ തളയ്ക്കാൻ മുസ്ലിം ലീഗ് കോൺഗ്രസുകാരനായ ദിനേശ് പെരുമണ്ണയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയിൽ എൻ.ഡി.എ ഏറ്റവും കൂടുതൽ വോട്ട് നേടിയ ഇവിടെ ഇക്കുറി പാർട്ടി ജില്ലാ പ്രസിഡന്റ് വി.കെ. സജീവനാണ് സ്ഥാനാർത്ഥി.