
കോഴിക്കോട്: വർഗീയവാദികളുടെയും മതതീവ്രവാദികളുടെയും വോട്ട് എൽ.ഡി.എഫിന് വേണ്ടെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനുഷ്യരുടെ വോട്ട് മതി മുന്നണിക്ക് ജയിക്കാൻ. വോട്ടർപട്ടിക കുറ്റമറ്രതാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏത് നീക്കത്തോടും സഹകരിക്കും. രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് നിയമവിരുദ്ധമായ നടപടിയാണിത്.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ കേരളത്തിലെ കോൺഗ്രസുകാർക്ക് മൗനമാണ്. ഇത് കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ടിന്റെ ഫലമാണ്. ബി.ജെ.പിയുടെ പത്രിക തള്ളിയ ഇടങ്ങളിൽ വോട്ട് യു.ഡി.എഫിന് കൈമാറാനുള്ള തത്രപ്പാടാണിപ്പോൾ. തലശ്ശേരി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സംഘർഷമുണ്ടാക്കി പ്രകോപനത്തിന് ശ്രമിക്കുകയാണ്. ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ അക്കൗണ്ട് കേരളത്തിൽ ക്ലോസ് ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.