hasan

കോഴിക്കോട്: തലശ്ശേരിയിലുൾപ്പെടെ പല മണ്ഡലങ്ങളിലും സി.പി.എം - ബി.ജെ.പി ധാരണ ശക്തമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ധാരണയുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടിയെടുക്കാത്തത്. സി.പി.എമ്മിന് തുടർഭരണം, ബി.ജെ.പിക്ക് പത്ത് സീറ്റ് എന്നതാണ് ധാരണ.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചതിൽ മുഖ്യമന്ത്രിയുടെ പങ്ക് പ്രകടമാണ്. ഇ.ഡി ക്കെതിരായ ധനമന്ത്രിയുടെ പരാമർശം ചന്തപിരിവുകാരുടെ ഭാഷയിലാണ്. പത്തുലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാർ ഒരു ലക്ഷം പേർക്ക് പോലും തൊഴിൽ നൽകിയിട്ടില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ യുവാക്കൾക്ക് തൊഴിലിനായി മുട്ടിലിഴയേണ്ടിവരില്ല. ഇടതു സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദാക്കും. ഇരട്ടവോട്ടിലൂടെ തുടർഭരണം ഉറപ്പാക്കാനാണ് സി.പി.എം ശ്രമമെന്നും ഹസൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാല നാരായണൻ, കെ.സി. അബു. എം.എ. റസാഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.