1
എൻ. സുബ്രഹ്മണ്യൻ

കൊയിലാണ്ടി: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും കോൺഗ്രസിനെയും പിന്തുണച്ചുപോന്ന പാരമ്പര്യമായിരുന്നു 1996 വരെയും കൊയിലാണ്ടിയുടേത്. എന്നാൽ, 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ഇവിടെ അട്ടിമറി വിജയത്തിലൂടെ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. വിജയം എപ്പോഴും നിർണയിക്കുന്നത് പാരമ്പര്യമല്ലെന്നും മറിച്ച് ജനകീയ സ്വീകാര്യതയാണെന്നും വിധിയെഴുതുകയായിരുന്നു ഈ മണ്ഡലത്തിലെ വോട്ടർമാർ.

മാറിമറിയലുകൾ ആവർത്തിച്ചെങ്കിലും കുറച്ചുകാലമായി സി.പി.എം കുത്തകയായി കരുതപ്പെടുന്ന മണ്ഡലമായാണ് കൊയിലാണ്ടി അറിയപ്പെടുന്നത്. എന്നാൽ, ആ ചരിത്രം വീണ്ടും തിരുത്തിക്കുറിക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇക്കുറി യു.ഡി.എഫ് പക്ഷത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഇവിടെ വീണ്ടും ജനവിധി തേടുന്നത്. അതേസമയം, ഒരു വിള്ളലും വീഴാതെ കോട്ട കാക്കുമെന്ന അവകാശവാദമാണ് എൽ.ഡി.എഫിന്റേത്. സി.പി.എം ഇതിനായി ഇത്തവണ നിയോഗിച്ചിരിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയെയാണ്. സി.പി എമ്മിന്റെ ജില്ലയിലെ ഏക വനിതാ സ്ഥാനാർത്ഥിയും ഇവർ തന്നെ. എൻ.ഡി. എ യുടെ ബി. ജെ.പി സ്ഥാനാർത്ഥി എൻ.പി രാധാകൃഷ്ണനും ചടുലമായ പ്രവർത്തനശൈലിയിൽ മണ്ഡലം നിറഞ്ഞുകഴിഞ്ഞു. പാരമ്പര്യത്തിന് അങ്ങനെ സ്ഥാനം കല്പിക്കാത്ത മണ്ഡലം ഇത്തവണ ആരെ തുണയ്ക്കുമെന്നത് പ്രവചനാതീതം തന്നെയാണ്.

നാട്ടുകാരോട് എന്നും മമത കാണിച്ച മണ്ഡലമെന്ന സവിശേഷതയുണ്ട് കൊയിലാണ്ടിയ്ക്ക്. എന്നാൽ, ഇക്കുറി ഇവിടെ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ പുറത്തു നിന്നുള്ളവരാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല നേരത്തെ 2011 ലും ജില്ലാ പ്രസിഡന്റായിരുന്നു. അതുകൊണ്ടു തന്നെ മണ്ഡലത്തിലെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി തുടങ്ങിയ പഞ്ചായത്തുകളിലൊക്കെയും സുപരിചിതയാണ് ഇവർ. ജില്ലയിൽ നിന്ന് പാർട്ടിയുടെ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാൻ അരയും തലയും മുറുക്കി ജില്ലാ നേതൃത്വം കൊയിലാണ്ടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും എൽ.ജെ.ഡി നേതാവുമായ എം.പി. ശിവാനന്ദനുമാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഒന്നാംഘട്ട പ്രചാരണം പൂർത്തിയായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കാനത്തിൽ ജമീല. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ തനിക്ക് അനുകൂലമാണെന്നും സ്ത്രീ വോട്ടർമാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും ജമീല പറയുന്നു.

യു.ഡി.എഫ് പക്ഷവും തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ തോൽവിയ്ക്ക് പരിഹാരം ഇക്കുറി വോട്ടർമാരിൽ നിന്നുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുബ്രഹ്മണ്യൻ. മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ വ്യക്തമായ മറുപടി തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാവും. മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാണെന്നിരിക്കെ, വിജയം സുനിശ്ചിതമാണ്. പരാജയപ്പെട്ടതോടെ പിന്മാറുന്നതിനു പകരം കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിലെ കാര്യങ്ങളിൽ സദാ മുഴുകി പ്രവർത്തിച്ചിട്ടുണ്ട്. ഇതും അനുകൂല ഘടകമാണെന്ന് അദ്ദേഹം പറയുന്നു. കൊയിലാണ്ടിയിലെ സ്ഥിരം ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും കുടിവെള്ള പ്രശ്നം തീർക്കുന്നതിനും സത്വര നടപടിയുണ്ടാവുമെന്ന് പ്രകടനപത്രികയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
മുമ്പൊന്നും കാണാത്ത അനുകൂല സാഹചര്യങ്ങളുടെ ബലത്തിൽ ബി.ജെ.പി യുടെ ശക്തിയത്രയും പ്രകടിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൻ.പി രാധാകൃഷ്ണൻ. കോരപ്പുഴ മുതൽ മൂരാട് വരെ നീളുന്ന തീരദേശ മേഖലയിൽ കൂടുതൽ കേന്ദ്രീകരിച്ചാണ് ബി.ജെ.പി യുടെ പ്രവർത്തനം. ഏകോപനത്തിന് ആർ.എസ്.എസും സജീവമാണ്. സമുദായ വോട്ടുകൾ സമാഹരിച്ചാൽ തന്നെ വൻമുന്നേറ്റം നടത്താൻ കഴിയുമെന്നാണ് ബി.ജെ.പി യുടെ കണക്കുകൂട്ടൽ.
പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ മൂന്നു മുന്നണികളുടെയും സംസ്ഥാന - ദേശീയ നേതാക്കൾ മണ്ഡലത്തിൽ എത്തുന്നുണ്ട്. എൽ.ഡി.എഫിന്റെ താരപ്രചാരകൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ 28 ന് ഇവിടെ റാലിയിൽ സംബന്ധിക്കും. ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണയുദ്ധത്തിലെ മേൽക്കൈ തന്നെയായിരിക്കും വിജയം നിർണയിക്കുന്നതിൽ മുഖ്യഘടകമാവുക.

 ചരിത്രം

ലീഡർ കെ.കരുണാകരന്റെ വിശ്വസ്തയായ എം.ടി പത്മയാണ് 1996-ലെ തിരഞ്ഞെടുപ്പിൽ പി.വിശ്വനോട് അടിയറവ് പറഞ്ഞത്. 2001-ൽ പക്ഷേ, ചിത്രം വീണ്ടും മാറി. കോൺഗ്രസ്സിലെ പി. ശങ്കരൻ വിജയക്കൊടി പാറിച്ചു. പേരാമ്പ്രക്കാരനായ ശങ്കരന്റെ ജനകീയത വലിയൊരളവിൽ യു.ഡി.എഫിനെ തുണയ്ക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മിന്റെ സ്വന്തം മണ്ഡലമായി ഇത്. 2011 ലും 2016 ലും നാട്ടുകാരനായ കെ.ദാസനാണ് വിജയിച്ച് പോന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം പരാജയപ്പെടുത്തിയത് കോൺഗ്രസ്സിലെ എൻ.സുബ്രഹ്മണ്യനെയാണ്.