കടലുണ്ടി: തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ സ്ഥാനാർത്ഥിയായ പിതാവിന് സർപ്രൈസ് മധുരവുമായി മകനെത്തി. ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എം നിയാസിന്റെ തിരഞ്ഞെടുപ്പ് യോഗത്തിലേക്കാണ് മകൻ നിദാം പിറന്നാൾ കേക്കുമായി വന്നത്. കടലുണ്ടി മണ്ണൂർ വളവിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടയിലായിരുന്നു ഇത്. തിരഞ്ഞെടുപ്പിന്റെ തിരക്കിൽ നിയാസ് വീട്ടിലുള്ള സമയം തീരെ കുറവായതോടെ തന്റെ പിറന്നാളാഘോഷം ഒരു സർപ്രൈസാക്കാമെന്ന് മകൻ തീരുമാനിക്കുകയായിരുന്നു. മാതാവ് ഹസ്നയും സഹോദരി നേഹയും യെസ് പറഞ്ഞ് പിന്തുണച്ചതോടെ അപ്രതീക്ഷിതമായി കേക്കുമായി വേദിയിലേക്ക് വന്ന കുടുംബത്തെ കണ്ട് നിയാസിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. വേദിയിൽ വച്ച് പിറന്നാൾ കേക്ക് മുറിച്ച് പിതാവ് പി.എം നിയാസിന് നൽകി ഭാര്യയും മക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായതോടെ അണികൾക്കും ആവേശമായി. പ്രവർത്തകർക്കു കൂടി കേക്ക് പങ്കുവെച്ചാണ് കുടുംബം മടങ്ങിയത്.