കൊയിലാണ്ടി: കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി മണ്ഡലത്തിൽ തുടർച്ച ഉറപ്പാക്കാൻ വോട്ടർമാർ ഇടതുമുന്നണിയെ വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ആവിഷ്കരിച്ച 175 കോടിയുടെ കുടിവെള്ള പദ്ധതി പൂർത്തിയായി വരികയാണ്. നഗരത്തിലെന്ന പോലെ തീരദേശ പ്രദേശങ്ങളിലും ശുദ്ധജല വിതരണം ഇതോടെ കുറ്റമറ്റതാവും.1988-ൽ തുടങ്ങിയ ദേശീയപാതയുടെ സ്ഥലമെടുപ്പ് തടസ്സങ്ങൾ ഏതാണ്ട് നീക്കിക്കഴിഞ്ഞു. ഇതോടെ കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് ശമനമാവും.
വെളിയനൂർ ചല്ലിയുൾപ്പെടെ കൃഷിയോഗ്യമാക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കും. മണ്ഡലത്തിലെ മിക്ക റോഡുകളും നവീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള നടപടികളായിട്ടുണ്ട്. ഗതാഗത തടസ്സം തുടരുന്ന മുരാട് പുതിയ പാലത്തിന്റെ പണി ഉടൻ തുടങ്ങും. റെയിൽപാത മൂലം കൊല്ലം ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത തടസം ഒഴിവാക്കാൻ മേൽപ്പാലം നിർമ്മിക്കും. കൊയിലാണ്ടി ഗവ. ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തും. കൊയിലാണ്ടിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തും. കൊയിലാണ്ടി, പയ്യോളി പട്ടണങ്ങളിൽ സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുമെന്നും ഇടതുമുന്നണി പ്രകടനപത്രികയിൽ പറയുന്നു.
അമിതമായി പണം ചെലവഴിച്ചുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് പി.മോഹനൻ പറഞ്ഞു. ഇരട്ട വോട്ട് അധികവും ലീഗ് കേന്ദ്രങ്ങളിലാണെന്നും അദ്ദേഹം ആരോപിച്ചു. കെ.ദാസൻ എം.എൽ.എ, സ്ഥാനാർത്ഥി കാനത്തിൽ ജമീല. പി.വിശ്വൻ, കെ.വി.ശിവാനന്ദൻ, ടി.ചന്തു എന്നിവരും വാർത്താസമ്മേളനത്തിൽ
സംബന്ധിച്ചു.