വടകര: അഴിയൂർ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്ത പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുമെന്ന് ഇ.കെ.കെ ഗ്രൂപ്പ് പഞ്ചായത്തിന് ഉറപ്പുനൽകി. മുഴുവൻ തൊഴിലാളികൾക്കും പുതിയ മാസ്ക് കമ്പനി നൽകും, കൂടാതെ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഹിന്ദിയിൽ ശുചിത്വത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തും, കക്കൂസ് മാലിന്യ സംസ്കരണത്തിന് ഡിസ്പോസിബിൾ ടാങ്കും ഉപയോഗിക്കും, കുടിക്കുന്ന വെള്ളം ലാബിൽ കൊണ്ടുപോയി പരിശോധിക്കും, ഹിന്ദിയിൽ തയ്യാറാക്കിയ നോട്ടീസ് എല്ലാ തൊഴിലാളികൾക്കും നൽകും, ഭക്ഷണ അവശിഷ്ടങ്ങൾ പ്രത്യേക ഡ്രമ്മിൽ നിക്ഷേപിച്ച് പ്രതിദിനം കയ്യൊഴിയും. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മസേനക്ക് നൽകും, തൊഴിലാളികൾക്ക് ഇ.കെ.കെ കമ്പനിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. തൊഴിലാളികളുടെ പേരുവിവരം ആരോഗ്യവകുപ്പിന് നൽകേണ്ടതാണ്, ബ്ലീച്ചിംഗ് പൗഡർ എല്ലാ ആഴ്ചയിലും വിതറും. ഇതിനായി ഒരു തൊഴിലാളിയെ ചുമതലപ്പെടുത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൾ നസീർ, ഇ.കെ.കെ കമ്പനി എച്ച് ആർ പ്രതിനിധികളായ ടി.കെ.മോഹൻരാജ്, പി.വി തോമസുകുട്ടി, ജെ.എച്ച്.ഐമാരായ എൻ.ടി.പ്രദീപൻ, കെ.ഫാത്തിമ, ഹരിത കർമ്മ സേന ലീഡർ എ.ഷിനി എന്നിവർ സംസാരിച്ചു. ബീഹാർ, ബംഗാൾ, ഒറീസ്സ, എന്നിവിടങ്ങളിൽ നിന്നുള്ള 330ൽ പരം തൊഴിലാളികളാണ് ബൈപാസ് നിർമ്മാണത്തിൽ അഴിയൂർ കക്കടവ് ഭാഗത്ത് താമസിക്കുന്നത്.