
വടകര: വേനൽമഴയോടുകൂടി വീശിയടിച്ച കാറ്റിൽ വീടുകൾക്കും കൃഷികൾക്കും വൻനാശം. ഫലവൃക്ഷങ്ങൾ പൊട്ടിവീണ് നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. ഒഞ്ചിയം പഞ്ചായത്തിലെ പുന്നേറി താഴ, എക്കണ്ടി കുന്ന്, സ്‌കൂൾ ഭാഗം, ചോറോട് നെല്ല്യാങ്കര, ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ്, കാർത്തികപ്പള്ളി ഭാഗം എന്നിവിടങ്ങളിൽ അൻപതിലേറെ പോസ്റ്റുകൾ തകർന്നതോടെ പ്രദേശങ്ങൾ ഇരുട്ടിലായി. മണിയൂർ, തിക്കോടി വടകര എന്നീ സെക്‌ഷനുകളിൽ നിന്നെത്തിയവരടക്കം നാല്പതോളം ജീവനക്കാർ രാപ്പകൽ വിയർത്തിട്ടും മൂന്ന് ദിവസമായി കാർത്തികപ്പള്ളി ഭാഗം വൈദ്യുതി പുന:സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് ശക്തമായി വീശിയ കാറ്റിൽ പൊട്ടിവീണത്. ഇവ പലതും വീണത് വൈദ്യുതി തൂണുകൾക്ക് മുകളിലായിരുന്നു. ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡിലെ കയ്യാല സൂപ്പർ മാർക്കറ്റിനു സമീപം പ്ലാവിലെ വൻതടി ലൈനിൽ വീണതിനെ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റാണ് തകർന്നത്.
വള്ളിക്കാട്ടിൽകുഞ്ഞിപ്പറമ്പത്ത് മുകുന്ദൻ, എൻ.ടി.ഷാജി, വരിശ്യക്കുനി കുഞ്ഞിപ്പറമ്പത്ത് മുകുന്ദൻ, മടപ്പറമ്പത്ത് അബ്ദുള്ള, പുത്തൻപുരയിൽ ദാമോദരൻ,വൈക്കിലശ്ശേരി കമ്മാടത്തിൽ വിമല, കിഴക്കയിൽ സരോജിനി, കൂടത്തിൽ രാജൻ, വേണുഗോപാലൻ, വാഴയിൽ മീത്തൽ ശാന്ത,, കുഞ്ഞിക്കണ്ടി നാരായണി, കുരിക്കൾ കണ്ടി വിശ്വനാഥൻ, തെരുവിലെ പതിയോട്ടിൽ ചന്ദ്രൻ ,എം ടി.കെ ഷാജി, മനോജൻ, വി.എം പ്രകാശൻ തുടങ്ങിയവരുടെയടക്കം മുപ്പത്തിയഞ്ചോളം വീടുകൾക്ക് കേടുപറ്റിയിട്ടുണ്ട്. യാതൊരു സൂചനയുമില്ലാതെ ബുധനാഴ്ച സന്ധ്യയ്ക്ക് ഏഴരയോടെയാണ് അതിശക്തമായ കാറ്റും മഴയുമുണ്ടായത്. ഓർക്കാട്ടേരിയിൽ കള്ള് ഷാപ്പിനു മുന്നിലായി റോഡരികിലെ തണൽമരം പൊട്ടിവീണത് പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് വെട്ടിമാറ്റി മാർഗ്ഗതടസം നീക്കിയത്.