photo

ബാലുശ്ശേരി: കേരളത്തിൽ ഇടതു-വലത് മുന്നണികൾ നടത്തുന്ന മതേതര ഒത്തുകളി ജനങ്ങൾ തിരിച്ചറിഞ്ഞ് എൻ. ഡി. എയ്ക്ക് അനുകൂലമായി വിധിയെഴുതണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി ലിബിൻ ഭാസ്ക്കറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കിനാലൂർ ഏഴു കണ്ടിയിൽ നടന്ന എൻ. ഡി. എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ മതേതരത്വം നിലനിൽക്കുന്നത് ഇവർ ഉണ്ടായിട്ടാണോ. എല്ലാവരേയും ഒരു പോലെ കണ്ട് സുതാര്യമായ ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. കിഫ്ബിയുടെ പേരിൽ സംസ്ഥാനത്ത് തീവെട്ടി കൊള്ളയാണ് നടക്കുന്നത്. സാധാരണ ക്കാരന്റെ തലയിൽ വലിയ നികുതി ഭാരമാണ് കിഫ്ബിയിലൂടെ ഉണ്ടാക്കിയിരിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ എ.ടിഎം ആണ് ഊരാളുങ്കൽ സൊസൈറ്റി. റാങ്ക്ലിസ്റ്റിൽ പേരു വന്നവർക്ക് നിയമനം നൽകാതെ നേതാക്കളുടെയും മന്ത്രിമാരുടെടെയും ഭാര്യമാരെയും ബന്ധുക്കളെയും നിയമിച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ യുവാക്കളെ വഞ്ചിച്ചുവെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജൻ,ഉത്തര മേഖലാ സെക്രട്ടറിമാരായ എൻ.പി രാമദാസ്, സുഗീഷ് കൂട്ടാലിട, സംസ്ഥാന സമിതി അംഗം പി.കെ സുപ്രൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ. ചോയിമാസ്റ്റർ, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ. എം കുമാരൻ,എം.കെ രാജേഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ, എൻ. പി രവീന്ദ്രൻ, കെ.കെ സുമിത്രൻ, മൃദുല കാപ്പിക്കുന്ന്, കെ.കെ ഗോപി , ടി.വി പ്രജീഷ് ,കെ.കെ സജിത്ത് ലാൽ, സ്ഥാനാർത്ഥി ലിബിൻ ബാലുശ്ശേരി എന്നിവർ സംസാരിച്ചു.