
കോഴിക്കോട്: ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ വളരെ കൂടുതലായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകി. കൊവിഡ് ടെസ്റ്റ് നടത്താനും വാക്സിന്‍ സ്വീകരിക്കാനുമുള്ള പൊതുജനങ്ങളുടെ വിമുഖത ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കൂടാൻ കാരണമായതായി കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളുകൾ കൂട്ടം കൂടി റാലികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് രോഗം പടരാൻ കാരണമാവും. കൊവിഡ് രണ്ടാംതരംഗ സാദ്ധ്യത നിലനിൽക്കുന്നതിനാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള പോലെ ജില്ലയിൽ രോഗം പടർന്നുപിടിക്കാനിടയുണ്ട്.
പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ പിഴ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം അവരെ കൊവിഡ് ടെസ്റ്റിനും വിധേയമാക്കും. വാർഡ് ആർ.ആർ.ടി കൾ പുർവാധികം കാര്യക്ഷമതയോടെ പുനരജ്ജീവിപ്പിക്കും. 45 വയസിന് മുകളിൽ പ്രായമുള്ളവർ നിർബന്ധമായും വാക്സിന്‍ സ്വീകരിക്കണം. പ്രായമായവരും മറ്റ് രോഗബാധിതരും ഗർഭിണികളും കുട്ടികളും റിവേഴ്സ് ക്വാറന്റൈൻ കൃത്യമായി പാലിക്കണം. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലും റാലികളിലും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ജില്ലാ പൊലീസ് മേധാവികൾ ഉറപ്പുവരുത്തണം. നിബന്ധനകൾ പാലിക്കാത്ത സംഘാടകരിൽ നിന്ന് പിഴ ഈടാക്കും.