mullappalli

കോഴിക്കോട്: തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്നും ചില ഏജൻസികൾ പണം കൊടുത്താൽ ഇഷ്ടത്തിനനുസരിച്ച് സർവേ മാറ്റി മറിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. കെ.പി.സി.സി ഓഫീസിൽ ഇത്തരമൊരു നിർദ്ദേശവുമായി ചിലർ വന്നിരുന്നു. എന്നാൽ പണം കൊടുക്കാൻ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രചാരണത്തിനിടെ ജനങ്ങളുടെ പ്രതികരണം ?

നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എരുമേലിയിൽ പങ്കെടുത്ത പൊതുയോഗത്തിൽ പതിനായിരങ്ങളാണ്

പങ്കെടുത്തത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ വന്നിരുന്ന കാലത്താണ് സാധാരണ ഇത്രയും ജനങ്ങൾ തടിച്ചുകൂടാറുള്ളത്. ജനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാരിനോടുള്ള അമർഷമാണ് ഇത് സൂചിപ്പിക്കുന്നത്.

എൽ.ഡി.എഫ് സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയില്ലേ ?

കൊവിഡ് കാലത്ത് യു.ഡി.എഫ് സർക്കാരാണ് അധികാരത്തിലുണ്ടായിരുന്നതെങ്കിൽ ഇതിലും നന്നായി പ്രവർത്തിക്കുമായിരുന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്. ക്ഷേമ പെൻഷനിലേത് കാലോചിതമായ വർദ്ധന മാത്രമാണ്.

എലത്തൂർ സീറ്റ് എൻ.സി.കെയ്ക്ക് നൽകിയതിൽ പ്രശ്നമുണ്ടായല്ലോ ?

ശരിയാണ്. ഇത് മുൻകൂട്ടിക്കണ്ടാണ് മാണി സി. കാപ്പനെ പ്രത്യേക പാർട്ടിയായി യു.ഡി.എഫിൽ എടുക്കരുതെന്നും പാലായിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കണമെന്നും ഞാൻ നിർദ്ദേശിച്ചത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും സ്വീകരിക്കാൻ തയ്യാറായില്ല. എലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുകയും ഐക്യത്തോടെ പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ തിളക്കമാർന്ന വിജയം ഉറപ്പായിരുന്നു. എ.കെ. ശശീന്ദ്രന്റെ അഴിമതികളും വ്യക്തിജീവിതവുമൊക്കെ ചർച്ചയാക്കാൻ സാധിക്കുമായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഗതാഗത വകുപ്പിലെ അഴിമതികൾ അന്വേഷിക്കും.

ബി.ജെ.പിയുടെ കേരളത്തിലെ വളർച്ച കോൺഗ്രസിന് ഭീഷണിയല്ലേ ?

ബി.ജെ.പിയുടെ വളർച്ച തടയാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ സംസ്ഥാനത്ത് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ബി.ജെ.പിക്ക് വളരാനുള്ള അവസരം ഉണ്ടാക്കുകയാണെന്ന കാര്യം അവർ ചിന്തിക്കുന്നില്ല.

എന്തുകൊണ്ട് ധർമ്മടത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തിയില്ല ?

ധർമ്മടത്ത് മത്സരിക്കാൻ കെ. സുധാകരൻ എം.പിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ പ്രവർത്തകർ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. കെ.സുധാകരൻ മത്സരിച്ചാൽ അദ്ദേഹം അവിടെ മാത്രം ഒതുങ്ങിപ്പോകുമെന്ന് പ്രവർത്തകർ അറിയിച്ചതിനെത്തുടർന്നാണ് അദ്ദേഹം പിന്മാറിയത്.