കോഴിക്കോട്: എയർ പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ 50 വർഷത്തേക്ക് അദാനി എന്റർപ്രൈസസിന് പാട്ടത്തിന് നല്‍കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിന് മുന്നിൽ ബുധനാഴ്ച ധർണ നടത്തും. രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് കരിപ്പൂരും ധർണ നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിലെ പൊതു - സ്വകാര്യ സംരംഭക നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ എയർപ്പോർട്ടുകൾ അധാനി ഗ്രുപ്പിന് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു സ്വത്ത് അദാനി എന്റർപ്രൈസസിന് പകുത്ത് നല്കുന്നതിലൂടെ, അദാനി നേതൃത്വത്തിലുള്ള ഒരു പുതിയ സാമ്പത്തിക ക്രമം രാജ്യത്ത് സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അവർ ആരോപിച്ചു. കൺവീനർ പി.വി ശോഭന്‍ , എ.അൻസാർ, എസ്.എസ് അഭിലാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.