ldf

വടകര: സമഗ്ര പദ്ധതികളുമായി എൽ. ഡി. എഫ് കുറ്റ്യാടി മണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തു. ഉത്പാദന സേവന പശ്ചാത്തല മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം മണ്ഡലത്തിലെ തൊഴിൽസാദ്ധ്യത വർധിപ്പിക്കാനുതകുന്ന വിധത്തിൽ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമാക്കി ഗ്രാമീണ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക, കാർഷിക - കാർഷിക അനുബന്ധ മേഖലകളിൽ മണ്ഡലത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ സമഗ്രവും ശാസ്ത്രീയവുമായ ജനകീയവുമായ ഒരു കാർഷിക വികസന പദ്ധതി രൂപപ്പെടുത്തുക, പൊതുസ്ഥാപനങ്ങൾ ഗതാഗത സംവിധാനങ്ങൾ, പൊതുഇടങ്ങൾ, ഊർജ്ജ സംവിധാനങ്ങൾ എന്നിവയെല്ലാം മികച്ച നിലവാരമുള്ളതാക്കി മാറ്റുന്നതിന് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കുക, മണ്ഡലത്തിലെ എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റത്തക്കവിധം ഭക്ഷണം, പാർപ്പിടം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള സൂക്ഷ്മതല ജനകീയ ഇടപെടൽ, മണ്ഡലത്തിലെ ചരിത്ര പൈതൃകവും കലാ സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനുള്ള ജനകീയ പദ്ധതികൾ എന്നീ അഞ്ച് ഇനങ്ങളിലായി അൻപത് നിർദ്ദേശങ്ങൾ ആണ് പ്രകടനപത്രിക മുന്നോട്ടുവെക്കുന്നത്. മുൻ എം.എൽ.എ കെ. കെ ലതിക പത്രികപ്രകാശനം നിർവ്വഹിച്ചു. കെ. കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ. കെ ദിനേശൻ, പി. സുരേഷ് ബാബു, ആയാടത്തിൽ രവി, വടയക്കണ്ടി നാരായണൻ ,സി എച്ച് ഹമീദ്, കെ. പി പവിത്രൻ, വിനോദ് ചെറിയത്ത് തുടങ്ങിയവർ സംസാരിച്ചു.