കോഴിക്കോട്:കാറിലെത്തി കവർച്ച നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. തലശേരിയിലെ സിഒടി നസീർ വധശ്രമകേസിലുൾപ്പെടെ നിരവധി ക്രിമനിൽ കേസുകളിൽ പ്രതികളായ തലശേരി പാറോൽ , കല്ലിൽതാഴെ, ജാനകി നിവാസിൽ സുമേഷ് (31), കോടിയേരി മാളുകണ്ടിന്റവിട ധനീഷ് (38), പാറോൽ സ്വദേശി സുജനേഷ് (31) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് എസ്‌.ഐ എസ്. നിയാസും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നപേർ ഒളിവിലാണ്. ഇവരെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ തലശേരി മേഖലയിൽ രാഷ്ട്രീയ സംഘർഷ കേസുകളുമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. നാലാംഗേറ്റിന് സമീപത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കൂരാച്ചുണ്ട് സ്വദേശി വർഗീസിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. രണ്ടുപവൻ സ്വർണമാലയും 7000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചശേഷം കാറുമായി രക്ഷപ്പെടുകയായിരുന്നു.