vote

കൽപ്പറ്റ: അവശ്യ സർവീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ 30 വരെ അതത് മണ്ഡലത്തിൽ സജ്ജീകരിച്ച പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെന്ററിലെത്തി പോസ്റ്റൽ വോട്ട് ചെയ്യാം. മാർച്ച് 17 നകം വരണാധികാരിക്ക് 12 ഡി ഫോറത്തിൽ അപേക്ഷിച്ചിട്ടുളള ജീവനക്കാർക്കാണ് അവസരം.

രാവിലെ 9 മുതൽ വൈകീട്ട് 5 വരെയുള്ള സമയങ്ങളിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സഹിതം പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ നേരിട്ട് ഹാജരായി വേണം വോട്ട് രേഖപ്പെടുത്താൻ. കൽപ്പറ്റ മണ്ഡലത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്‌കൂളിലും, മാനന്തവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിലും, ബത്തേരി മണ്ഡലത്തിൽ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള ആരോഗ്യം, പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്‌സൈസ്, മിൽമ, വൈദ്യുതി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, വനം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ്, ഏവിയേഷൻ, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മീഡിയ റിപ്പോർട്ടർമാർ എന്നിവർക്കാണ് പോസ്റ്റൽ വോട്ട് സൗകര്യം.