news

കോഴിക്കോട്: പതിവിൽ വിപരീതമായി കാർമേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഇന്നലെയും കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം തിളക്കുകയായിരുന്നു. പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ എട്ട് ദിനങ്ങൾ മാത്രം ശേഷിക്കെ എങ്ങും തീപാറുന്ന പ്രചാരണ കോലാഹലം. ആരോപണ പ്രത്യാരോപണങ്ങളുമായി വോട്ടറുടെ മനസിളക്കാൻ മുന്നണികൾ തലങ്ങും വിലങ്ങും ഓടുന്നു. സോഷ്യൽ മീഡിയകളിൽ എരിവ് കയറ്റുന്ന പോസ്റ്റുകൾ വേറെയും. വീടുകളും കടകളും കയറിയിറങ്ങി സ്ഥാനാർത്ഥികളും യുദ്ധക്കളത്തിൽ സജീവമാണ്.

വേനൽചൂടിൽ നിന്ന് ആശ്വാസം തേടി സ്ഥാനാർത്ഥികളെല്ലാം അതിരാവിലെ പ്രചാരണത്തിന് ഇറങ്ങുകയാണ്. ഉച്ചവെയിൽ കനക്കുന്നതിന് മുമ്പായി പകുതി വോട്ടർമാരെയെങ്കിലും കാണുകയാണ് ലക്ഷ്യം. മുന്നിലും പിന്നിലുമായി ഇടിമുഴക്കം പോലെ മുദ്രാവാക്യവുമായി പ്രവർത്തകരും കൂടെയുണ്ട്. ചിലയിടങ്ങളിൽ പ്രചാരണ കൊഴുപ്പ് കുറവാണെങ്കിലും പോരാട്ട വീര്യത്തിന് കോട്ടമൊന്നുമില്ല. ചർച്ചകളും സജീവം.

പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻജനാവലിയാണ് സ്ഥാനാർത്ഥികളെ സ്വീകരിക്കാനെത്തുന്നത്. പൂക്കൾ വിതറിയും ഹാരങ്ങൾ ചാർത്തിയും സ്വീകരണം ആഘോഷമാക്കുകയാണ്. പൊതു പ്രവർത്തന രംഗത്തെ പരിചിത മുഖത്തെ ജനം കെെവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികളെല്ലാം. കാച്ചിക്കുറുക്കിയ പ്രസംഗങ്ങളിലൂടെയും വഴിയിൽ കാണുന്നവരോട് കുശലാന്വേഷണം നടത്തിയും വോട്ട് ഉറപ്പിക്കുകയാണ് ഇവർ.

 തീ പാറുന്ന ചർച്ചകൾ

ബസ്‌സ്റ്റാൻഡിൽ, ചായക്കടകളിൽ, ബസിൽ, പാർട്ടി ആസ്ഥാനങ്ങളിൽ, മറ്റ് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് തന്നെ ചർച്ചാ വിഷയം. രാഷ്ട്രീയം കൊടിയിലല്ല, വികസനത്തിലും വ്യക്തിത്വത്തിലുമാണെന്ന വിലയിരുത്തലുമായി കന്നി വോട്ടർമാർക്കിടയിലും ചർച്ച തീപാറുകയാണ്.

ചിലർക്ക് സ്വന്തം മണ്ഡലത്തെ കുറിച്ച് മാത്രമല്ല ആശങ്ക. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും മത്സരങ്ങൾ വിലയിരുത്തുന്നവരുണ്ട്. 140 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ജാതകവും രാഷ്ട്രീയ അന്തരീക്ഷവും അരച്ചുകലക്കി കുടിച്ചവർ പോലുമുണ്ട്.

വില്ലനായി മീനച്ചൂട്
കനത്ത വേനൽചൂട് പ്രചാരണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉച്ചയ്ക്ക് 1 മുതൽ വൈകീട്ട് 4 വരെ മിക്ക സ്ഥാനാർത്ഥികളും വിശ്രമത്തിലാണ്. പൊള്ളുന്ന പകലിൽ പ്രചാരണം നടത്തുന്നത് സ്ഥാനാർത്ഥികളുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്.