
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഗുരുവായൂർ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ഇല്ലാത്തത് യാദൃശ്ചികമല്ലെന്നും, കോഴിക്കോട് കടപ്പുറത്ത് നടന്ന എൽ.ഡി.എഫ് യോഗത്തിൽ അദ്ദേഹം പറഞ്ഞു..
ആർ.എസ്.എസും സംഘപരിവാറും നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാർ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നു. വർഗീയതയുമായി കോൺഗ്രസ് സമരസപ്പെടുന്നു. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ യോജിച്ച പ്രക്ഷോഭത്തിന് കെ.പി.സി.സി തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ ഇടതുപക്ഷം ഉറച്ചു നിൽക്കുകയാണ്.
ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുടെ അടയാളം ബി.ജെ.പിക്കും സഹായകമാകുന്നതാണ്.
നേമത്ത് ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കാൻ കഴിഞ്ഞ തവണ യു.ഡി.എഫ് വോട്ട് മറിച്ചു. . തൊട്ടടുത്ത മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെയും ജയിപ്പിച്ചു. പ്രതിപക്ഷം പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു. പെൻഷൻ നേരത്തേ കൊടുക്കാൻ തീരുമാനിച്ചത് ആഘോഷങ്ങൾ കണക്കിലെടുത്താണ്. കിറ്റ് കൊവിഡിന്റെ തുടക്കം മുതൽ നൽകിയിരുന്നു. അത് തടയാൻ ആർക്കും സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.