1

കുറ്റ്യാടി: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പാവപ്പെട്ടവരുടെ അഭിവൃദ്ധിക്കായി ന്യായ് പദ്ധതി നടപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതുവഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ സർക്കാർ ഉറപ്പുവരുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേളോത്ത് റഷീദിന്റെ വീട്ടിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭക്ഷ്യക്കിറ്റ് മുടക്കിയെന്ന് പറയുന്നവർ
ചരിത്രം അറിയാത്തവരാണ്. 2016ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയനും സംഘവും ഇത്തരം വിഷയത്തിൽ പരാതി നൽകിയത് കേരളം മറന്നിട്ടില്ല. കിറ്റ് കൊടുത്തെന്ന് മേനി നടിക്കുന്നവർക്ക് അഭിമാനം കൊള്ളാൻ ഒന്നുമില്ല. ആർ. ശങ്കറും കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും കൊണ്ടുവന്ന പദ്ധതികൾ ചരിത്രം പരിശോധിച്ചാൽ അറിയാം. സ്വന്തം പി.ആർ പണിക്ക് 800 കോടി ചെലവഴിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ പണം കൊണ്ടാണ് ധൂർത്ത് നടത്തുന്നതെന്ന് ഓർക്കണം. തിരഞ്ഞെടുപ്പിൽ നൂറ് സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

കേളോത്ത് കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള, അഡ്വ. പ്രമോദ് കക്കട്ടിൽ, അച്യുതൻ പുതിയേടത്ത്, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, എൻ.കെ അബ്ദുറഹ്മാൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ശ്രീജേഷ് ഊരത്ത്, അറക്കൽ അലി, റഷീദ് കേളോത്ത്, സൗഫി റസാഖ്, ദാമോദരൻ എന്നിവർ പങ്കെടുത്തു.