kadannappalli

കണ്ണൂർ:വെയിലും ചൂടും മറന്ന് സ്ഥാനാത്ഥികളും പ്രവർത്തകരും കണ്ണൂർ മണ്ഡലത്തിൽ പ്രചരണം ശകതിപ്പെടുത്തുകയാണ്. മൂന്ന് മുന്നണികളും രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടന്നു. വീടുകളും സ്ഥാപനങ്ങളും കയറിയുള്ള പ്രചരണമാണിപ്പോൾ.കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവ‌ർത്തനങ്ങൾ നിരത്തിയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പര്യടനം..രാവിലെ ഏഴിന് ഒാലച്ചേരിക്കാവിൽ നിന്നാരംഭിച്ച് രാത്രി ഏറെ വൈകി ടൗൺവെസ്റ്റിലായിരുന്നു ഇന്നലെ സമാപിച്ചത്.

അദ്ദേഹവും ധരിച്ച ഖദർ വസ്ത്രവും ഒരുപോലെ വിയർത്ത് ഒഴുകുകയായിരുന്നു.പ്രായം മറന്ന് ചുറുചുറുക്കോടെ തങ്ങളെ സമീപിക്കുന്ന കടന്നപ്പള്ളിയെ കാണുന്നവർക്കും സന്തോഷം. ആളുകളോട് അടുത്തിടപഴകാറുള്ള പതിവ് ശൈലി കൊവിഡിനെ തുടർന്ന് ഇത്തവണ മാറ്റിയിട്ടുണ്ട്.തയ്യിൽ ,സിറ്റി,മെതാനിപ്പള്ളി ഭാഗത്ത് മണിക്കുറുകളോളം അദ്ദേഹം ചിലവഴിച്ചു.തയ്യിൽ ശ്രീവെങ്കിട്ടരാമക്ഷേത്ര പരിസരത്തെ നിരവധി വീടുകളും കടകളും കയറി.വികസനം തുടരാൻ ഇത്തവണയും വിജയിക്കണമെന്നായിരുന്ന സമീപത്തെ ചെരുപ്പുക്കുത്ത് തൊഴിലാളി പറഞ്ഞത്.ദൂരെ നിന്ന് വോട്ടഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥി അടുത്തെത്തിയപ്പോൾ ഒാടി മറയാൻ ശ്രമിച്ച ഒരു കൂട്ടം വീട്ടമ്മമാരെ അടുത്തേക്ക് വിളിച്ചപ്പോൾ അവർ സംസാരിച്ചത് തുളുവിൽ. അവരോട് കഷ്ടി തുളുവിൽ മറുപടി പറയാൻ ശ്രമിച്ചത് രസകരമായ അനുഭവമായി.വോട്ടർമാരുടെ മികച്ച പിന്തുണയിൽ വിജയ പ്രതീക്ഷയിൽ ഒട്ടും തന്നെ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്,പി.വി.ജയൻ, ഡി.വൈ.എഫ്.എെ നേതാക്കളായ ലത്തീഫ്,സിറാജ്.ഷഫീക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു.

യു.‌‌‌‌ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി രാവിലെ ഏഴിന് കടാങ്കോട് നിന്നാണ്

പര്യടനം ആരംഭിച്ചത്.രാവിലെ 11 ഒാടെ അദ്ദേഹം വാരം ടൗണിലെ ഒാരോ കടകളും സ്ഥാപനങ്ങളും

കയറി. മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇത്തവണ വലിയ മാർജിനിൽ ജയിക്കുമെന്നുമാണ് പാച്ചേനി പറയുന്നത്.രണ്ടാംഘട്ട പര്യടനത്തിൽ ഒരു ദിവസം മുഴുവൻ ഒരു സോണലിൽ ചിലവഴിക്കാനാണ് തീരുമാനം.

ഉച്ച വരെ കാൽനടയായും ശേഷം വാഹനത്തിലുമാണ് പര്യടനം. വികസന വീഴ്ച്ചയാണ് പാച്ചേനിയുടെ ആയുധം. .കടകൾ കയറിയിറങ്ങുമ്പോൾ ആളുകൾക്കൊപ്പം സെൽഫി എടുക്കാനും അദ്ദേഹം മടിക്കുന്നില്ല. സംസാരം കുറെ കൂടുമ്പോൾ ഇടയ്ക്ക് കൈയിൽ കരുതിയ ചുക്ക് കാപ്പി ഒരു കവിൾ ഇറക്കും. ഇടയ്ക്ക് ഒാട്ടോയിൽ പോവുകയായിരുന്ന ഒരു കുടുംബം പാച്ചേനിയെ കണ്ടതോടെ പരിചയപ്പെട്ട് വോട്ട് ഉറപ്പിച്ച് മടങ്ങി.രാത്രി ഒൻപതരോടെ കരിക്കിൻ കണ്ടിചിറയിലാണ് പര്യടനം അവസാനിപ്പിച്ചത്.പാർത്ഥൻ ചാങ്ങാട്,കെ.പി.അബ്ദുൾ റസാഖ്,ടി.വി.മഹമ്മൂദ്,വൈശാഖ് കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരിരുന്നു.

ചക്കരക്കല്ലിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ സന്ദർശിച്ച് ഉച്ചയോടെയാണ് ബി.ജെ.പി സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ വട്ടപ്പൊയിലിൽ നിന്നും പര്യടനം ആരംഭിച്ചത്.ഇത്തവണ മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് അർച്ചനയുടെ വിശ്വാസം. പിണറായി സർക്കാരിനെ ജനം മടുത്തുവെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പക്ഷം.വീടുകളും കടകളും സ്ഥാപനങ്ങളും കയറിയായിരുന്നു വോട്ടഭ്യർത്ഥന.കടുത്ത ചൂടിലും വട്ടപ്പൊയിലിലെ വോട്ടർമാർ സ്ഥാനാർത്ഥിക്കായി കാത്തുനിൽക്കുകയായിരുന്നു.പുഷ്പ്പങ്ങൾ നൽകിയാണ് പ്രവർത്തകരും വോട്ടർമാരും അവരെ സ്വീകരിച്ചത്.