
കോഴിക്കോട്: ദേശീയ സിനിമാ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച 'ബിരിയാണി"ക്ക് പല തിയേറ്ററുകളും പ്രദർശനസൗകര്യം നിഷേധിക്കുകയാണെന്ന് സംവിധായകൻ സജിൻബാബു കുറ്റപ്പെടുത്തി.
പ്രസ്ക്ളബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് സംഘടന തീരുമാനിച്ചതായാണ് ചില തിയേറ്ററുകാർ പറയുന്നത്. ഇതിൽ ഇസ്ളാംവിരുദ്ധത ഉണ്ടെന്ന് ചിലർ ആരോപിക്കുന്നു. മറ്റ് ചിലരാകട്ടെ സദാചാര പ്രശ്നമാണ് ഉന്നയിക്കുന്നത്. ഇത് രണ്ടും ശരിയല്ല. ഖദീജ എന്ന സ്ത്രീയിലൂടെ സത്യസന്ധമായി കാര്യങ്ങൾ പറയാനാണ് ശ്രമിച്ചത്. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും സിനിമയിൽ രാഷ്ട്രീയമൊന്നുമില്ല.
ഒട്ടേറെ വിദേശ രാജ്യങ്ങളിൽ വരെ പ്രദർശിപ്പിച്ച് പ്രശംസ നേടിയ മലയാള സിനിമയ്ക്ക് സ്വന്തം നാട്ടിൽ പ്രദർശനം നിഷേധിക്കുന്നത് അത്ഭുതപ്പെടുത്തുകയാണ്. എല്ലാ കാലത്തും കാഴ്ചക്കാരെ തടയാൻ സാധിക്കില്ല. ഒ.ടി.ടി റിലീസാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.