പേരാമ്പ്ര: കീഴരിയൂർ പഞ്ചായത്തിലെ കോഴിപ്പുറത്ത് കോളനിയിൽ നിന്നായിരുന്നു ടി.പി.രാമകൃഷ്ണന്റെ ഇന്നലത്തെ പ്രചാരണ തുടക്കം. ജന്മനാടായ നമ്പ്രത്തുകരയോട് ചേർന്നു കിടക്കുന്ന പ്രദേശം. ആവേശത്തോടെയാണ് പേരാമ്പ്ര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നാട്ടുകാർ വരവേറ്റത്. പറമ്പത്ത് സംഘടിപ്പിച്ച യോഗത്തിലെത്തുമ്പോൾ ചുറ്റുംകൂടി നാട്ടുകാർ. കുശലാന്വേഷണത്തിനിടെ കളിസ്ഥലമില്ലെന്ന പരാതിയുമായി കുട്ടികളെത്തിയപ്പോൾ എല്ലാംശരിയാക്കാമെന്ന് ടി.പിയുടെ ഉറപ്പ് . കാളിയത്ത് മുക്കിൽ വർണശബളമായ സ്വീകരണമാണ് നാട്ടുകാർ ടി. പിക്ക് ഒരുക്കിയത്. കാരയാട് ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ചിരുന്ന സ്വീകരണ കേന്ദ്രത്തിൽ പുലികളിയും ചെണ്ടമേളവും മയിലാട്ടവും ഒരുക്കി ഉത്സവ പ്രതീതിയുണ്ടാക്കി. ക്ഷേത്രക്കുളം നവീകരണം, പാവട്ടുകണ്ടിമുക്കിലെ ഗ്രാമീണ റോഡുകളുടെ നവീകരണം എന്നിവ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തി. എല്ലാ പഞ്ചായത്തിലും ആധുനിക പരിശീലന സൗകര്യം ഉൾപ്പെടുന്ന കളിസ്ഥലങ്ങൾ, കുളങ്ങളുടെയും ജലസ്രോതസുകളുടെയും നവീകരണവും സംരക്ഷണവും, ഗ്രാമീണ റോഡുകളുടെ വികസനം തുടങ്ങിയ പദ്ധതികൾ എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടി.പി ചൂണ്ടിക്കാട്ടി. മാമ്പൊയിലിലും മരുതേരിപറമ്പിലും മഞ്ഞക്കുളത്തും നാട്ടുകാരനായ സ്ഥാനാർത്ഥിയെ കാണാൻ വെയിലിനെ വകവയ്ക്കാതെ നൂറുകണക്കിന് ആളുകളെത്തി. വെയിലിറങ്ങിയ ശേഷമുള്ള ആദ്യ സ്വീകരണം കുടുമയിൽ താഴത്തായിരുന്നു. നടവത്തൂർ, വടക്കുംമുറി, അയിമ്പാടിപാറ, പുത്തൻപുരപാറ, കീഴപ്പയ്യൂർ പള്ളി, മണപ്പുറംമുക്ക്, ഉന്തുമ്മൽ എന്നിവിടങ്ങളിലും പ്രിയ നേതാവിനെ കാണാൻ ആളുകൾ തടിച്ചുകൂടി.
പര്യടനം ഇന്ന്
9.00 : മാലൂപൊയിൽ താഴെ,9.30 : മാരാങ്കണ്ടിതാഴ, 9.45 : ചരത്തിപ്പാറ, 10.00 ഒളവക്കുന്നേൽമുക്ക്,10.15 സൂപ്പിക്കട, 10.30 മഹിമ, 10.45 ആവടുക്ക ലക്ഷംവീട്, 11.00 പന്നിക്കോട്ടൂർ,11.30 ചെങ്കോട്ടക്കൊല്ലി,11.45 നരേന്ദ്രദേവ് കോളനി,12.00 ഒന്നാം ബ്ലോക്ക്, 3.00 വാഞ്ച്യു കോളനി, 3.30 കുളത്തുംതറ, 4.00 വലിയമല, 4.30 താന്നിയോട്, 5.00 ആശാരിക്കണ്ടി, 5.30 പൈതോത്ത് പനക്കാട് റോഡ്, 6.00 കൂത്താളി തെരുവ്, 6.30 ചെമ്പോടൻപൊയിൽ.