1
മിഠായിത്തെരുവിൽ മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച പാത്രങ്ങൾ ഇരിപ്പിടമാക്കിയ നിലയിൽ

കോഴിക്കോട്: മാലിന്യ നിക്ഷേപത്തിനായി സ്ഥാപിച്ച മിഠായിത്തെരുവിലെ ഭരണികൾ ഇപ്പോൾ തിരഞ്ഞാൽ കാണില്ല. കാരണം അവയിന്ന് കമിഴ്ത്തിയിട്ട് ഇരിപ്പിടമായി ഉപയോഗിക്കുകയാണ്.

നഗരത്തിലെ പ്രധാന വ്യാപര കേന്ദ്രമായ മിഠായിത്തെരുവിൽ മാലിന്യം നിക്ഷേപിക്കാൻ സൗകര്യമില്ലാത്തത് ഇവിടെയത്തുന്നവരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിയ്ക്കുന്നത്. നൂറുകണക്കിന് ആളുകൾ വന്നുചേരുന്ന ഇവിടെ മിഠായിക്കടലാസുപോലും കളയാൻ സൗകര്യമില്ല.

മാലിന്യങ്ങൾ ഓരോരുത്തരും അവരവർക്ക് തോന്നുന്ന ഇടങ്ങളിൽ നിക്ഷേപിച്ച് മടങ്ങുകയാണ്.

ബേക്കറികളും ഫ്രൂട്‌സ് സ്റ്റാളുകളും ചായക്കടകളും ഫാൻസികളും ഉൾപ്പെടെ 300 ഓളം കടകളും ഇവിടെയുണ്ട്.

2017 ഡിസംബറിലാണ് 26 കോടി രൂപ ചെലവിൽ നവീകരിച്ച മിഠായിത്തെരുവ് മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടുകാർക്ക് തുറന്ന് കൊടുത്തത്.തെരുവിന്റെ സൗന്ദര്യത്തിനൊത്ത നിലയിൽ ഇരിപ്പിടങ്ങൾക്ക് സമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ആറ് പച്ച ഭരണികളും ഒരുക്കിയിരുന്നു.
തെരുവ് തുറന്നത് മുതൽ കുറച്ച് കാലം മാലിന്യക്കൊട്ടയിൽ മാലിന്യം നിക്ഷേപിക്കലും മറ്റും നടന്നിരുന്നു. എന്നാലിപ്പോൾ ഈ ഭരണികൾ കമിഴ്ത്തിയിട്ട് ഇരിപ്പിടമായി ഉപയോഗിക്കുകയാണ്. വെയിലത്തായിരുന്ന ഭരണികൾ ഇപ്പോൾ മരത്തണലിലേക്ക് മാറ്റിയിട്ടിട്ടുമുണ്ട്. മഴക്കാലത്ത് ഇതിൽ വെള്ളം നിറഞ്ഞ് കൊതുക് പരന്നതോടെയാണ് ഇവ കമിഴ്ത്തിയതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നത്.

നിലവിൽ കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ ദിവസവും അടിച്ചുവാരാനെത്തുന്നതിനാൽ വ്യാപാരികളും ഇത് കാര്യമാക്കുന്നില്ല. നവീകരിച്ച തെരുവിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സഞ്ചരിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഗ്ഗികളും ഒരുക്കിയിരുന്നു. അവയും അപ്രത്യക്ഷമായിട്ട് കാലമേറെയായി.

" മാലിന്യം ഇടാൻ ഇവിടെ സൗകര്യം ഇല്ലാത്തതിനാൽ ആളുകൾ നിലത്ത് തന്നെ ഉപേക്ഷിച്ച് പോകുകയാണ് പതിവ് , ഇതിന് എന്തെങ്കിലും പ്രതിവിധി വേണം"

രേണു - മിഠായിത്തെരുവിലെത്തിയ യുവതി