1

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് യാഥാർത്ഥ്യമാക്കുമെന്നും പേരാമ്പ്രയെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്നും യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സി.എച്ച് ഇബ്രാഹിം കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒരു വീട്ടിൽ ഒരു സ്ത്രീക്ക് തൊഴിൽ ലഭ്യമാക്കും. പ്രത്യേക സ്ത്രീശാക്തീകരണ പദ്ധതി നടപ്പാക്കും.
അഞ്ച് വർഷത്തിനുള്ളിൽ സ്വന്തമായി വീടില്ലാത്ത ഒരു കുടുംബവും പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.
ഡോ. കെ.ജി അടിയോടിയുടെ പേരിൽ തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥാപിക്കും. എല്ലാ വർഷവും പേരാമ്പ്രയിൽ ജോബ് മേള നടത്തി പരമാവധി പേർക്ക് തൊഴിൽ നൽകും. പേരാമ്പ്ര ബൈപാസ് ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കും. മണ്ഡലത്തിൽ ഒരാളും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തും, വിശപ്പ് രഹിത പേരാമ്പ്ര പദ്ധതി നടപ്പാക്കും. പേരാമ്പ്രയെ വയോജന ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കി മാറ്റും. പേരാമ്പ്രയിൽ ഇൻഡോർ സ്റ്റേഡിയം സ്ഥാപിക്കും. എല്ലാ പഞ്ചായത്തിലും കളിസ്ഥലം സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. പേരാമ്പ്ര കാർഷിക സ്വയംപര്യാപ്ത മണ്ഡലമാക്കാനുള്ള പ്രത്യേക പദ്ധതി തയാറാക്കും. പേരാമ്പ്രയെ ഗ്രീൻ ക്ലീൻ സിറ്റിയാക്കും. പേരാമ്പ മത്സ്യമാർക്കറ്റ് ശീതീകരിച്ച് നവീകരിക്കും. പെരുവണ്ണാമൂഴി ഡാം സൈറ്റ് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും തുടങ്ങിയ പദ്ധതികൾക്ക് പുറമേ വിവിധ പഞ്ചായത്തുകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തനിക്കെതിരെ അപരൻ മത്സരിക്കുന്നതിനെ കുറിച്ചുള്ള പരാമർശത്തിൽ എതിർസ്ഥാനാർത്ഥിയുടെ പേരുള്ള പത്തോളം പേർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ വന്നിരുന്നെങ്കിലും നേർവഴിക്കുള്ള വിജയമാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തിൽ ഇത്തരം പ്രവണതകൾക്കുള്ള മാറ്റത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നതായും സി.എച്ച് ഇബ്രാഹിംകുട്ടി പറഞ്ഞു. നേരിന്റെ രാഷ്ട്രീയം ഉയർന്നുവരണം. അപരരെ നിർത്തി ജയിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സത്യൻ കടിയങ്ങാട്, കൺവീനർ ആർ.കെ. മുനീർ, കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി.സി. ചാണ്ടി, ചീഫ് ഏജന്റ് മുനീർ എരവത്ത്, മനോജ് ആവള, മീഡിയ കമ്മിറ്റി ചെയർമാൻ ഇ.പി മുഹമ്മദ്, കൺവീനർ രാജൻ വർക്കി തുടങ്ങിവർ സംബന്ധിച്ചു.

വിദ്യാഭ്യാസ മേഖലയിൽ

വിദ്യാഭ്യാസ മേഖലയിൽ മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി തയാറാക്കും. മിടുക്കരായ വിദ്യാർത്ഥികളെ പ്രൈമറിതലം മുതൽ തന്നെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക പദ്ധതി തയാറാക്കും. മണ്ഡലത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യും. പേരാമ്പ്ര മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സിവിൽ സർവ്വീസ് പരിശീലനത്തിന് ഉൾപ്പടെ സെന്റർ ഓഫ് എക്സലന്റ്സ് തുടങ്ങും. പണമില്ലാത്തതിന്റെ പേരിൽ മിടുക്കനായ ഒരു വിദ്യാർത്ഥിയുടെയും ഉപരിപഠനം തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്തും.