
കൊയിലാണ്ടി: മീനച്ചൂട് വകവെയ്ക്കാതെ സ്ഥാനാർത്ഥികൾ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക്. തിരഞ്ഞെടുപ്പ് ചൂടും ഒട്ടും മോശമല്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട പ്രചാരണം വെങ്ങളത്ത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. കോരപ്പുഴ , വെങ്ങളം, കുനിയിൽ താഴെ, പൂക്കാട്, ഗൾഫ് റോഡ്, പൊയിൽക്കാവ് ചേലിയ, തുടങ്ങിയ കേന്ദങ്ങളിലെ സ്വീകരണത്തിന് ശേഷം ഞാണംപൊയിൽ സമാപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം എം.പി ശിവാനന്ദൻ, കെ.കെ മുഹമ്മദ് , ടി. ചന്തു, എന്നിവരും ഉണ്ടായിരുന്നു.
എൻ.ഡി.എയുടെ സ്ഥാനാർത്ഥി എൻ.പി രാമചന്ദ്രന്റെ രണ്ടാം ഘട്ട പ്രചാരണം ചേമഞ്ചേരി, ചെങ്ങോട്ട് കാവ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു. കാട്ടില പീടികയിൽ നിന്നാരംഭിച്ച പ്രചാരണം ചെങ്ങോട്ട് കാവിൽ സമാപിച്ചു. ടി.കെ പത്മനാഭൻ, വായനാരി വിനോദ്, എം.പി രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രമണ്യൻ നഗരസഭയിലെ രണ്ടാം ഘട്ട പ്രചാരണം പൂർത്തിയാക്കി. സിൽക്ക് ബസാറിൽ മുസ്ലിം ലീഗ് നേതാവ് വി.പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. യു. രാജീവൻ, എം.എ റസാഖ്, കെ. എം നജീബ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.