1
കൊന്നപ്പൂ കൈനീട്ടം.... എൽ.ഡി.എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിനെ കൊന്ന പൂക്കൾ നൽകി സ്വീകരിക്കുന്ന കുട്ടികൾ

കോഴിക്കോട്: കൈവിട്ടുപോയ കോട്ട യു.ഡി.എഫ് തിരിച്ചു പിടിക്കുമോ, അതോ എൽ.ഡി.എഫ് നിലനിർത്തുമോ?. കൊടുവള്ളി മണ്ഡലത്തിലെ മുക്കിലും മൂലയിലും ഉയരുന്ന മുഖ്യ ചർച്ചയിതാണ്. തിരഞ്ഞെടുപ്പിന്റെ അവസാന വിസിൽ മുഴങ്ങാറായിട്ടും പിടികൊടുക്കാൻ കൊടുവള്ളി തയ്യാറാകാത്തതിനാൽ വീടുകയറിയും നാടുചുറ്റിയും മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. പോരാട്ടം കടുത്തതോടെ ബലാബലത്തിലാണെന്ന് വോട്ടർമാരും സമ്മതിക്കുന്നു. പൊതുയോഗങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ തീപാറ്റുകയാണ്. വേനലിനെ വെല്ലുന്ന ചൂടുകാറ്റാണ് പ്രചാരണത്തിൽ ആഞ്ഞുവീശുന്നത്. എം.കെ. മുനീറിന്റെ വരവിനെ ചൊല്ലിയുണ്ടായ തർക്കം
തുടക്കത്തിൽ യു.ഡി.എഫ് പ്രചാരണത്തെ മന്ദഗതിയിലാക്കിയെങ്കിലും മുനീറിനെ മണ്ഡലത്തിലിറക്കാൻ മുൻകൈയെടുത്ത യൂത്ത് ലീഗ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചതോടെ ആവേശം ആർത്തലയ്ക്കുകയാണ്.

സീറ്റ് നിലനിർത്താനുളള പോരാട്ടത്തിൽ കച്ചമുറുക്കി ഇടതുമുന്നണി മുന്നിൽ തന്നെയുണ്ട്. തുടക്കം തൊട്ടുളള ആവേശം

ചോരാതെയാണ് ഇടതുസ്വതന്ത്രൻ കാരാട്ട് റസാഖിന്റെ മുന്നേറ്റം. 2016ലെ നേരിയ ഭൂരിപക്ഷം ഉയർത്താനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രചാരണം. എൽ.ഡി.എഫ് സർക്കാർ അഞ്ചു വർഷം ചെയ്ത് വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞാണ് വോട്ടുപിടുത്തം.

ആവേശത്തിലലിഞ്ഞ് മുനീർ

സമയം ഒന്നരയോടടുക്കുന്നു. ഉച്ചസൂര്യൻ ജ്വലിച്ചു നിൽക്കുകയാണ്. താമരശ്ശേരി പഞ്ചായത്തിലെ കോരങ്ങാട് ജംഗ്ഷനിൽ നിറയെ കൊടിതോരണങ്ങൾ. അങ്ങിങ്ങായി പ്രവർത്തകരുടെ കൂട്ടം. കൊടുവള്ളി നിയോജക മണ്ഡലം യു.ഡി. എഫ് സ്ഥാനാർത്ഥി എം.കെ മുനീറിന് സ്വീകരണമൊരുക്കുന്ന തിരക്കിലാണ് എല്ലാവരും. മൈക്കിലൂടെ അനൗൺസ്‌മെന്റുകൾ മുഴങ്ങുന്നു. വെെകാതെ ത്രിവർണ പതാക ചുറ്റിയ നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ കൈവീശി എം.കെ മുനീറെത്തി. ചൂടിനെ വകവയ്ക്കാതെ പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും സ്ഥാനാർത്ഥിക്ക് വരവേൽപ്പ്. നേരം കളയാതെ മുനീറിന്റെ പ്രഖ്യാപനം. വിജയിച്ചാൽ മണ്ഡലത്തിലെ വിവിധ കോണുകളിൽ വികസനം ഉറപ്പാക്കുമെന്നും അതിനായി പ്രവർത്തിക്കുമെന്നും ഊന്നിപ്പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച് ഉച്ചവിശ്രമത്തിലേക്ക്.

രാവിലെ താമരശ്ശേരിയിലെ അണ്ടോണ, അരേറ്റക്കുന്ന്, കരിങ്കമണ്ണ, താഴെ പരപ്പൻപൊയിൽ, ആലിമുക്ക്, ചെമ്പ്ര, ഈർപ്പോണ, വാടിക്കൽ, തച്ചംപൊയിൽ, പൂക്കോട്, തേക്കുംതോട്ടം, വാപ്പനാംപൊയിൽ എന്നീ കേന്ദ്രങ്ങളിലൂടെയുള്ള പര്യടനം ഉച്ചയ്ക്ക് കോരങ്ങാട്ടാണ് അവസാനിപ്പിച്ചത്.

വിജയപ്രതീക്ഷ മൂർദ്ധന്യത്തിലാണെന്നും മണ്ഡലം പിടിക്കുക സുനിശ്ചിതമാണെന്നും മുനീറും സംഘവും ഉറപ്പിച്ചു കഴിഞ്ഞു. ഉച്ചയ്ക്കുശേഷം നെല്ലിക്കാം കണ്ടി, തണ്ണിക്കുന്ന്,കത്തറമ്മൽ,ഡാപ്പൊയിൽ മുക്ക്, കെെവേലിക്കടവ്, പറക്കുന്ന്, കോട്ടയ്ക്കൽ, തറോൽ, കയ്യിൽ പീടിക, തുവ്വക്കുന്ന്,കുളിരാന്തിളി, കരുമ്പാരുകണ്ടം, വഴിക്കടവ്, ആവിലോറ എന്നിവിടങ്ങളിലായിരുന്നു പര്യടനം.

@ നാട്ടുകാരനായി റസാഖ്

ആർത്തിരമ്പുന്ന കടലുപോലെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിൻെറ വരവ്. പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും സ്വീകരണമൊരുക്കാൻ പ്രവർത്തകർക്കിടയിലും മത്സരം.

ഓമശേരി പഞ്ചായത്തിലെയും കൊടുവളളി മുനിസിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം. ഓമശേരിയിലെ ചക്കിക്കാവിൽ രാവിലെ എട്ടിന് പര്യടനം തുടങ്ങുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി കാരാട്ടിനെ കാത്തിരിപ്പുണ്ടായിരുന്നു. നാളിതുവരെ മണ്ഡലം കണ്ടിട്ടില്ലാത്ത വികസനത്തിന്റെ പട്ടിക നിരത്തി കാച്ചിക്കുറുക്കിയ പ്രസംഗത്തോടെ സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന.

വെളിമണ്ണ , കൂടത്തായി, അയ്യാട്ടുതുരുത്തിയും പിന്നിട്ട് കാട്ടുമുണ്ടയിലെത്തിയപ്പോൾ ഏഴുവയസുകാരി അരുന്ധതി കൊന്നപ്പൂ നൽകി സ്വീകരിച്ചു. മങ്ങാട് കഴിഞ്ഞ് വിശ്രമ കേന്ദ്രമായ അരീക്കലിൽ എത്തിപ്പോൾ മീനച്ചൂടിനെ വകഞ്ഞുമാറ്റി കുട്ടിപ്പട്ടാളം പൂക്കളുമായി കാത്തിരിപ്പുണ്ടായിരുന്നു. വോട്ടർമാരോടൊപ്പം സെൽഫിയെടുത്ത് പിരിയാൻ നേരത്താണ് 75 കാരി കല്ല്യാണി അമ്മയുടെ വരവ്. പെൻഷൻ കിട്ടാറുണ്ടോയെന്ന സ്ഥാനാർ‌ത്ഥിയുടെ ചോദ്യത്തിന് കൈപിടിച്ച് സന്തോഷ പ്രകടനം. ഒപ്പം ജയിച്ചുവരുമെന്ന അനുഗ്രഹവും. ഭക്ഷണത്തിന് ശേഷം എല്ലാവരെയും തൊഴുത് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

നാഗാളികാവ്, അമ്പലക്കണ്ടി,, കയ്യേലിമുക്ക്, നടമ്മൽപൊയിൽ, കണിയാർകണ്ടം, കൊളത്തക്കരയും കഴിഞ്ഞ് മാനിപുരം, മുക്കിലങ്ങാടി, പുൽപ്പറമ്പ് മുക്ക്എരഞ്ഞിക്കോത്ത്, പ്രാവിൽ, കെടേക്കുന്ന്, മദ്രസാ ബസാർ, നെല്ലാങ്കണ്ടി, വാവാട് സെന്റർ, ഇരമോത്ത്, പോർങ്ങോട്ടൂർ, കളരാന്തിരി , ആനപ്പാറ, ആറങ്ങോട് എന്നിവിടങ്ങളിലായിരുന്നു പിന്നീടുളള സ്വീകരണം.

@ ഒപ്പമുണ്ടെന്നറിയിച്ച് ബാലസോമൻ

കൊടുവള്ളിയുടെ വീരനായകനായ എൻ.ഡി.എ സ്ഥാനാർത്ഥി ടി. ബാലസോമൻ ഇതാ ഈ വാഹനത്തിന് തൊട്ടുപിന്നാലെ കടന്നുവരുന്നു. അനൗൺസ്‌മെന്റ് വാഹനം നാടിനെ വിളിച്ചുണർത്തി മടവൂർ പഞ്ചായത്തിലെ

കാമ്പ്രത്തുകുന്ന് കോളനിയിലെത്തി. നിരവധി ആളുകളാണ് ആർപ്പുവിളികളോടെ തങ്ങളുടെ വികസന നായകനെ കാത്തിരുന്നത് .എല്ലാവരുടെയും കൈപിടിച്ച് വോട്ടഭ്യർത്ഥന. നിയോജക മണ്ഡലത്തിൽ വികസനം ഉറപ്പുവരുത്തുമെന്നും കാർഷിക മേഖലയെ പരിപോഷിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന ഉറപ്പും നൽകിയാണ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങിയത്. തേവർകണ്ടി ക്ഷേത്രത്തിൽ തൊഴുതതിനുശഷം നേരെ നരിക്കുനി കളരിക്കണ്ടത്തിലെ കുടുംബ സംഗമത്തിലേക്ക് . രാവിലെ പഞ്ചവടി , ആരാമ്പ്രം , രാംപൊയിൽ, പുല്ലാളൂർ മുക്ക് , നെട്ടോട്ടി താഴം, ചെമ്പകുന്ന് വടേക്കണ്ടി താഴം, പാലോളിത്താഴം, നരിക്കുനി എരഞ്ഞിയിൽ എന്നീ കേന്ദ്രങ്ങളിലായിരുന്നു പര്യടനം.