gokulam

കോഴിക്കോട്: 'ഐ ലീഗ് കിരീടം നേടിയ നിമിഷം അതിമനോഹരം. ഇനി ഇവിടെ ഹോം ഗ്രൗണ്ടിൽ കപ്പടിക്കണം. ആരാധകർക്ക് മുന്നിൽ കപ്പ് ഉയർത്താനാവുകയെന്നത് വലിയ ആഗ്രഹമാണ് ".

സ്വന്തം മൈതാനത്ത് ഐ ലീഗ് കിരീടം എത്തിച്ച ഗോകുലത്തിന്റെ ഗോളി സി.കെ. ഉബൈദിന്റെ ആഗ്രഹം തന്നെയാണ് മുഴുവൻ കളിക്കാർക്കും മാനേജ്മെന്റിനും.

കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത മൈതാനത്ത് ഐ ലീഗ് ട്രോഫി മിന്നിത്തിളങ്ങുകയായിരുന്നു; ചരിത്രത്തിൽ ആദ്യമായി.

ഒരു കുറവ് മാത്രം. ഈ സന്തോഷം പങ്കിടാൻ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്രേഡിയത്തിൽ ആരാധകരില്ല. കൊവിഡ് പ്രതിസന്ധികൾ കഴിഞ്ഞാൽ ആരാധകർ ഒഴുകിയെത്തുന്ന അടുത്ത സീസണിനായുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ടീം.

പരിശീലകൻ വിസെൻസോ ആൽബർട്ടോ അനീസയുടെ നേതൃത്വത്തിൽ 12 താരങ്ങളാണ് ഇന്നലെ ഹോം ഗ്രൗണ്ടിലെത്തിയത്.

യുവതാരങ്ങളുടെയും ശക്തരായ വിദേശ താരങ്ങളുടെയും കരുത്തിലാണ് ഗോകുലം ഐ ലീഗ് കിരീടം സ്വന്തമാക്കിയത്. വിജയത്തനപ്പുറം കേരളത്തിന്റെ ഫുട്ബാൾ സംസ്കാരം തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐ ലീഗിൽ എത്തിയ ഗോകുലം കേരള എഫ്.സിയ്ക്ക് നാലാമത്തെ സീസണിൽ തന്നെ കിരീടം നേടാൻ സാധിച്ചു. പതിനൊന്ന് മലയാളി താരങ്ങൾ ടീമിനൊപ്പമുണ്ട്. എമർജിംഗ് താരമായ എമിൽ ബെന്നിയും ചർച്ചിൽ ബ്രദേഴ്സിനെതിരെ മിന്നുംപ്രകടനം നടത്തിയ താഹിർ സമാനുമെല്ലാം ഗോകുലത്തിന്റെ കണ്ടെത്തലുകളാണ്.

വലിയ അവസരമാണ് കിട്ടിയതെന്ന് യുവതാരം താഹിർസമാൻ പറഞ്ഞു.

 ഇന്ന് ആഘോഷം

ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള എഫ്.സി യുടെ ആഘോഷ പരിപാടികൾ ഇന്ന് അരങ്ങേറും. ഇ.എം.എസ് സ്റ്റേഡിയം മുതൽ ബീച്ച് ഓപ്പൺ സ്റ്രേജ് വരെ ട്രോഫി പരേഡ് നടക്കും. ലൈവ് മ്യൂസിക്, ട്രോഫി പ്രസന്റേഷൻ എന്നിവയുണ്ടാവും ബീച്ച് ഓപ്പൺ സ്റ്റേജിൽ. പ്രവേശനം സൗജന്യം.