
മുക്കം: കൂടത്തായി എഡ്യുപാർക്കിലെ ഹിൽവ്യൂ ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സർഗശേഷി ലോക്ഡൗണിലും ലോക്കായില്ല. ലോകത്തിലെ ഏറ്റവും വലിയ മാർക്കർ പേന നിർമിച്ചാണ് അവർ സർഗശേഷി പ്രകടിപ്പിച്ചതും അതിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയതും. കൊവിഡ് കാരണം സ്തംഭനത്തിലായ സ്‌കൂൾ പ്രവർത്തനം പുനരാരംഭിക്കണമെന്ന സന്ദേശമുയർത്തിയാണ് ഹിൽവ്യു ഇന്റർനാഷനൽ സ്‌കൂൾ ആർട്ട് ഡയറക്ടറായ കാർട്ടൂണിസ്റ്റ് എം. ദിലീഫിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികൾ പേന നിർമിച്ചത്. മൂന്ന് മീറ്റർ നീളവും 75 കിലോഗ്രാം തൂക്കവുമുള്ള പേന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ഖത്തർ ആസ്ഥാനമായുള്ള അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നേടാനൊരുങ്ങുകയാണ്. പി.വി.സി, ജി.ഐ.പൈപ്പ്, മരം, സ്പോഞ്ച് തുടങ്ങിയയാണ് പേന നിർമാണത്തിനുപയോഗിച്ചത്. റിംന, ആയിഷ റൗഷിന്‍, ഫാത്തിമ മെഹ്ന എന്നിവരുടെ നേതൃത്വത്തിൽ പതിമൂന്ന് വിദ്യാര്‍ഥികളാണ് പേന നിർമിച്ചത്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് വലിയ പേന നിർമിച്ചതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മാനേജർ സുബൈർ നെല്ലിക്കാപറമ്പ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ പേന പ്രദര്‍ ശിപ്പിക്കുകയും വിദ്യാർത്ഥികൾ ഗിന്നസ് സർട്ടിഫിക്കറ്റ് എറ്റുവാങ്ങുകയും ചെയ്തു.