കോഴിക്കോട്: 'നമ്മുടെ കോഴിക്കോട് ' പദ്ധതിയുടെ ഭാഗമായുള്ള 'മിഷന്‍ സുന്ദരപാതയോരം' ശുചീകരണ പ്രവൃത്തിയിലുൾപ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ് - തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ ഡ്രൈവറും വാഹനവും പിടിയിൽ. കെ.എൽ 11 എ.എൽ 3684 ടിപ്പർ ലോറിയാണ് പിടികൂടിയത്. രണ്ട് ദിവസത്തിനുളളിൽ മാലിന്യം തള്ളിയ സ്ഥലം പൂർവസ്ഥിതിയിലാക്കാനും പരിസര പ്രദേശങ്ങൾ ശുചീകരിക്കാനും കളക്ടർ ഡ്രൈവർക്ക് നിർദേശം നൽകി.
ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ജില്ലാ ഭരണ കൂടത്തിൻറെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന 'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായാണ് മലാപ്പറമ്പ്,-തൊണ്ടയാട് ബൈപാസ് റോഡ് ശുചീകരിച്ചത്. 321 എൻ. എസ്. എസ് വളന്റിയർമാരും നാഷണൽ ഹൈവേ അതോറിറ്റിയും നമ്മുടെ കോഴിക്കോട് ടീമംഗങ്ങളും ഏഴ് ദിവസം കൊണ്ടാണ് രണ്ടര കിലോമീറ്റർ വരുന്ന സ്ഥലം വൃത്തിയാക്കിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷഫീർ മുഹമ്മദ്, കെ.സി സൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് വാഹനം പിടികൂടിയത്.