
കോഴിക്കോട്: സാധാരണക്കാരന്റെ ആശ്വാസമായ മെമു ട്രെയിൻ സർവീസ് യാത്രക്കാർക്ക് ദുരിതയാത്രയായി മാറുന്നു.
കണ്ണൂർ - ഷൊർണ്ണൂർ സർവീസാണ് എല്ലാ ദിവസവും യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്. ഇന്നലെ 5.20ന് കണ്ണൂരിൽ നിന്ന് കൃത്യ സമയത്ത് തന്നെ ട്രെയിൻ പുറപ്പെട്ടു. 6.05 ഓടെ വടകരയിൽ എത്തി. പിന്നീട് ഒരു മണിക്കൂറോളം അവിടെ പിടിച്ചിട്ടു. ഇതിനിടെ നാല് ദീർഘദൂര ട്രെയിനുകളാണ് വടകര സ്റ്റേഷൻ വഴി കടന്ന് പോയത്. 7.05ഓടെ ഓട്ടം പുന:രാരംഭിച്ചുവെങ്കിലും വീണ്ടും പയ്യോളിയിൽ പിടിച്ചിട്ടു. ഒടുവിൽ 8.10 ഓടെയാണ് കോഴിക്കോട് എത്തിയത്.
മെമു ട്രെയിനാണെങ്കിലും എക്സ്‌പ്രസ് ട്രെയിനിന്റെ നിരക്കാണ് ഈടാക്കുന്നത്. എന്നിടും യാത്രക്കാർക്ക് ദുരിതം മാത്രം.
എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ നേരെത്തെ തന്നെ സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും മെമു സർവീസ് മാർച്ച് 16 മുതലാണ് ആരംഭിച്ചത്. സാധാരണക്കാർക്ക് യാത്ര ചെയ്യാൻ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന വിവിധ സംഘടനകളുടെ നിരന്തര ആവശ്യത്തെതുടർന്നാണ് മെമു അനുവദിച്ചത്. യാത്രക്കാരെ പരാവധി വെറുപ്പിച്ച് യാത്രക്കാർ ഈ ട്രെയിൻ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാക്കുകയോ ലക്ഷ്യമെന്ന സംശയവും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ടു.
യാത്രക്കാർ ഇല്ലെന്ന് പറഞ്ഞ് സർവീസ് നിറത്തിവെക്കാനും സാധിക്കും.