
കോഴിക്കോട്: ഇന്ന് മുതൽ ഡ്രെെ ഡേ, തിരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെ കുടിയന്മാർ വെട്ടിലായി. ഒന്നല്ല നാല് ദിവസമാണ് അവധി. എന്നാ പിന്നെ മദ്യം കടത്താം എന്ന് വെച്ചാലോ അവിടെയും എക്സൈസ് ലോക്ക് ഇട്ടു. ജില്ലയിലേക്ക് അനധികൃത മദ്യമൊഴുകുന്നത് തടയാൻ എക്‌സൈസ് സംഘവും വല വിരിച്ച് കഴിഞ്ഞു. ഏപ്രിൽ 1 ന് സ്വഭാവികമായി കടകൾക്ക് അവധിയാണ്. രണ്ട് ദുഃഖവെള്ളിയാണ്, തിരഞ്ഞെടുപ്പ് തലേദിവസം കണക്കാക്കി 5 നും , തിരഞ്ഞെടുപ്പിന്റെ പോളിംഗ് തീരും വരെ 6 നും കടകൾ തുറക്കില്ല. 4 ന് ഈസ്റ്റർ ദിനത്തിൽ വൈകിട്ട് 7 ന് ഷോപ്പുകൾ അടയ്ക്കും. ആഘോഷങ്ങൾ തുടങ്ങുന്ന മാസത്തിന്റെ ആദ്യ ആഴ്ചയിൽ 4 ദിവസമാണ് അവധി. അവധി മുന്നിൽ കണ്ട് മദ്യം സ്റ്റോക്ക് ചെയ്യാമെന്നു വച്ചാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ പിടിവീഴും. ഒരാൾക്ക് സൂക്ഷിക്കാവുന്ന പരമാവധിയായ 3 ലിറ്ററിൽ കൂടുതൽ വാങ്ങിയാൽ കുപ്പിയും പോകും അകത്തുമാകും.
ജില്ലയുടെ പുറത്തുനിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാനായി മാഹി അതിർത്തിയിൽ രണ്ട് കാർ പെട്രോളിംഗാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ഊടു വഴിയിലൂടെയുള്ള പരിശോധനയ്കായി ടൂവീലർ പെട്രോളിംഗും രംഗത്തുണ്ട്. ജില്ലയിലെ സ്ട്രൈക്കിംഗ് ഫോഴ്സും ഷാഡോ പൊലീസും, രഹസ്യ നിരീക്ഷണ സേനയും 24 മണിക്കൂറും നിരീക്ഷണവുമായി രംഗത്തുണ്ട്.
ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയാൻ വയനാട്ടിൽ ചുരം പെട്രോളിംഗും കർശനമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ജില്ലയിൽ കർശന നിരീക്ഷണമാണ് ഉണ്ടായിരുന്നത് . മദ്യം വിൽക്കുന്ന പൊതു സ്ഥാപനങ്ങളിലും റോഡുകളിലും എക്സെെസിന്റെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
3 സ്ട്രൈക്കിംഗ് ഫോഴ്സും 4 കൺട്രോൾ റൂമും, നാല് ബോർഡർ പെട്രോളിംഗും ഒരു ഹൈവേ പെട്രോളിംഗുമാണ് ജില്ലയിലുള്ളത്.
''ഇന്ന് മുതൽ പോളിംഗ് ദിവസം വരെ ജില്ലയിലേക്ക് അനധികൃതമായി മദ്യം ഒഴുകുന്നത് തടയാൻ എക്സെെസ് സംഘം പൂർണ സജ്ജമാണ്. ഇന്നലെ രാത്രി മുതൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
മുഹമ്മദ് ന്യൂമാൻ,
എക്സെെസ് ഡെപ്യൂട്ടി കമ്മിഷണർ